കാലാവസ്ഥ: ഞായറാഴ്ച വരെ ശക്തമായ മഴ; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്..
തിരുവനന്തപുരം: കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് 9 ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ഇടുക്കി, എറണാകുളം, പത്തനംതിട്ട, എന്നീ ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരംസ കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലാക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 മണക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലേർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. മഴയ്ക്കൊപ്പം ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
അതേ സമയം കാലവർഷം മെയ് 19 ഓട് കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു.
തെക്കൻ കർണാടകക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ് 19 ന് അതിശക്തമായ മഴക്കും, മെയ് 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേ സമയം മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. തെക്കൻ കേരള തീരത്ത് ഇന്നും നാളെയും (15.05.2024 & 16.05.2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, ലക്ഷദ്വീപ് പ്രദേശത്തും, കർണ്ണാടക തീരത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15.05.2024, 16.05.2024 തീയതികളിൽ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.












Click it and Unblock the Notifications