Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ ശക്തി കുറയുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വടക്കന്‍ കേരള മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയാണ് നിലവിലെ മഴയ്ക്ക് കാരണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നുണ്ട്. അതിനാല്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

WEATHER

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം എന്നാണ് അധികൃതരുടെ നിര്‍ദേശം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും 2.1 മുതല്‍ 2.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അടുത്ത നാലു ദിവസം ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 ാം തീയതിയും കണ്ണൂരും കാസര്‍കോടും യെല്ലോ അലര്‍ട്ടായിരിക്കും. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മഴ തുടരും.

എന്നാല്‍ അതിശക്തമായ മഴക്കുള്ള സാധ്യത കുറവാണ്. ജൂലൈ അവസാനത്തോടെ വീണ്ടും കേരളത്തില്‍ മഴ സജീവമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതിനിടെ കനത്ത മഴയെ ത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ, ബഹറൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.

കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചു പോയി. മറ്റ് രണ്ട് വിമാനങ്ങളും താമസിയാതെ തിരിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+