മൂന്ന് മണിക്കൂറിനുള്ളില്‍ പെരുമഴ പെയ്യും; മലപ്പുറമടക്കം മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശം. മൂന്ന് ജില്ലകളില്‍ വരും മണിക്കൂറില്‍ അതിശക്തമായ മഴ പെയ്യുമെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നേരത്തെ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതല്‍ വേനല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഈ പശ്ചാത്തലത്തില്‍ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അഞ്ചാം തിയതി എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും ആറാം തിയതി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം അഞ്ചാം തിയതി വരെ സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതിനൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ഇത്തവണ വേനല്‍മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. മേയ് മാസത്തില്‍ രാജ്യത്തുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും. നിരവധി പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. ഈ മാസത്തെ മഴ ദീര്‍ഘകാല ശരാശരിയുടെ 110 ശതമാനം കവിയും.
1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തിലെ മഴയുടെ അളവ് 64.1 മില്ലിമീറ്ററാണ്. ഇതാണ് ഇരട്ടിയോളമായി ഉയരുക.















Click it and Unblock the Notifications