ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; തിരമാലകള്‍ ഉയരും; തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളത് കണക്കിലെടുത്താണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ 05.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നും കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണം എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കേരള തീരത്തും ലക്ഷദ്വീപ് - കര്‍ണാടക തീരത്തും ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 35 - 45 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയോ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം ഒക്ടോബര്‍ 20 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒക്ടോബര്‍ 22 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായും 24 ഓടുകൂടി തീവ്രന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കാം. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും കാണുന്നു.












Click it and Unblock the Notifications