ഇന്നും മഴദിവസം തന്നെ; വയനാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രത തുടരണം എന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. ഇത് കൂടാതെ മറ്റൊരു ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്.
ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. ഇതുവഴ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.












Click it and Unblock the Notifications