കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പാലക്കാട് 41 ഡിഗ്രി ചൂട്!!
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൊല്ലം, പാലക്കാട് ജില്ലകളിലും, ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും. പാലക്കാട് താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.
കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടും. തിരുവനന്തപുരത്ത് 36 ഡിഗ്രിസെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ മാസം 26 വരെ സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പാലക്കാട് ജില്ലയില്‍ നിലവില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. തീരദേശ സംസ്ഥാനമായതിനാല്‍ തന്നെ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുതലായിരിക്കുകയും അത് മൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് കൂടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ താപസൂചിക റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. ഈ സാഹചര്യം രണ്ട് ദിവസം തുടരുന്ന ഘട്ടത്തിലാണ് കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗം സ്ഥിരീകരിക്കാറുള്ളത്.
അതിനിടെ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ ആണ് മരിച്ചത്. പള്ളിപ്പൊയിലില്‍ കിണര്‍ കുഴിക്കുന്ന ജോലിക്കിടെയാണ് 37 കാരനായ സനലിന് സൂര്യാഘാതമേറ്റത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നിരിക്കെ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജാഗ്രത നിര്‍ദേശങ്ങള്‍
പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കരുത്
ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണ.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം.
വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗണവാടി ജീവനക്കാരും ശ്രദ്ധിക്കണം.















Click it and Unblock the Notifications