Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടമുറിയാതെ പെരുമഴ... ഒപ്പം കാറ്റും; ഇന്ന് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 11 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. അതേസമയം ബാക്കിയുള്ള മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയാണ് ഇന്ന് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവിടെ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather

24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

സ്‌പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളും മദ്രസകളും ഉള്‍പ്പെടെ ഇന്ന് പ്രവര്‍ത്തിക്കരുത് എന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ യുജി, പിജി പരീക്ഷകളും കനത്ത മഴയെ തുടര്‍ന്ന് മാറ്റി വെച്ചു.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ വിവിധ തീരങ്ങളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 29 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യുന്ന സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും പോലുള്ള അപകടങ്ങള്‍ സൃഷ്ടിക്കും. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിക്കാനും കനത്ത മഴ കാരണമാകും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴക്കെടുതിയും രൂക്ഷം

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് 16 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കനത്ത കാറ്റില്‍ തകര്‍ന്നു വീണു. മരം വീണും വെള്ളക്കെട്ട് മൂലവും ജില്ലയില്‍ പലയിടത്തും ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. അട്ടപ്പാടി ചുരത്തില്‍ ഭാരവാഹനങ്ങള്‍ 27 വരെ നിരോധിച്ചു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ 10 ഷട്ടറുകള്‍ തുറന്നു. എറണാകുളം ജില്ലയിലെ അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ എന്നവിടങ്ങിലും തീരപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.

വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നോക്കാം

ഓറഞ്ച് അലര്‍ട്ട്

27/05/2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

28/05/2025: കണ്ണൂര്‍, കാസര്‍ഗോഡ്

29/05/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍

യെല്ലോ അലര്‍ട്ട്

27/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

28/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

29/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൊല്ലം, ആലപ്പുഴ, കാസര്‍കോട്, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം / ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ 29/05/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോ മീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

29-ാം തിയതി വരെ തെക്ക് - പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, കൊങ്കണ്‍ തീരം, ഗോവ തീരം, മാലിദ്വീപ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നും നാളേയും മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടും.

മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ആന്ധ്രപ്രദേശ് തീരം, തെക്കന്‍ അറബിക്കടല്‍, മധ്യ അറബിക്കടല്‍, കൊങ്കണ്‍ തീരം, ഗോവ തീരം, മാലിദ്വീപ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+