മഴ കനക്കുന്നു... കൂടുതല്‍ ജില്ലയില്‍ മുന്നറിയിപ്പ്; അഞ്ച് ദിവസത്തേക്ക് വ്യാപകമഴ
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍, അതായത് ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. എന്നീ ജില്ലകളിും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
21-ാം തിയതി വരെ കേരളത്തില്‍ മഴ തുടരും എന്നാണ് പ്രവചനം. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കരംകുളം ഉള്‍പ്പെടെയുള്ള സമീപ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം എന്നും നിര്‍ദേശിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമായാണ് മഴ എത്തിയതെങ്കിലും ഇടിമിന്നലും കാറ്റും ആശങ്ക വിതയ്ക്കുന്നുണ്ട്















Click it and Unblock the Notifications