വ്യാപകമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് മലവെള്ളപ്പാച്ചില്‍, തുരങ്കപാത പ്രദേശത്തെ പാലം തകര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട നേരിയ മഴ പെയ്‌തേക്കാം എന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മേയ് 26 ഓടെ കാലവര്‍ഷം എത്തും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകും. ഈ സാഹചര്യത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് നിലവില്‍ മഴ പെയ്യുന്നത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം കേരള - കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നിരുന്നാലും വരും ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 24-ാം തിയതി വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനിടെ ഇന്നലെ കോഴിക്കോട് മലയോര മേഖലകളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം ഒലിച്ചുപോയി മുത്തപ്പന്‍പുഴ അങ്ങാടിക്കു സമീപം നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്.
തുരങ്ക പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡ് പണി നടക്കുന്നതിനാല്‍ ഇവിടുത്തെ പഴയ പാലം പൊളിച്ച് പകരം താല്‍ക്കാലിക സംവിധാനമൊരുക്കിയിരുന്നു. എന്നാല്‍ വൈകിട്ടോടെ പെയ്ത അതിശക്തമായ മഴ കാരണം മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടതോടെ പാലം പൂര്‍ണമായും തകര്‍ന്നു. നിലവില്‍ പ്രദേശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.















Click it and Unblock the Notifications