ഇന്നും ശക്തമായ മഴ: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 10 ജില്ലകളില്‍ സ്‌കൂള്‍ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും ജാഗ്രതാ നിര്‍ദേശം. ഇന്ന് ഒമ്പത് ജില്ലകളിലും നാളെ നാല് ജില്ലകളിലും കേന്ദ്രാ കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും.

അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്നത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം എന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. അതേസമയം മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും എന്നും അതത് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കമാണ് അവധി. വിവിധ ജില്ലകളിലെ അവധി അറിയിപ്പുകള്‍ പരിശോധിക്കാം.
പത്തനംതിട്ട
ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ മുതല്‍ അങ്കണവാടി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാ ട്യൂഷന്‍ സെന്ററുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് ജില്ലയില്‍ മാറ്റമുണ്ടാകില്ല.
ഇടുക്കി
ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, മദ്രസ, കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
എറണാകുളം
ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
പാലക്കാട്
ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.
മലപ്പുറം
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്.
കോഴിക്കോട്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
വയനാട്
ജില്ലയില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
കണ്ണൂര്‍
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.
തൃശൂര്‍
ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ഇന്ന് അവധിയായിരിക്കും. നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മറസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസര്‍കോട്
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല












Click it and Unblock the Notifications