ചുട്ടുപൊള്ളി കേരളം.. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക്!
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അസാധാരണമായ താപനിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 വരെ സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.

ഏപ്രിലില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കും എന്നാണ് പ്രവചനം. സാധാരണയുള്ളതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അധിക താപനിലയാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഇതിനിടെ ചിലയിടങ്ങളില്‍ മഴ ലഭിച്ചെങ്കിലും ചൂടിന് ആശ്വാസമായില്ല. ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
താപനില വര്‍ധിക്കുമ്പോള്‍ സൂര്യാഘാതവും നിര്‍ജലീകരണവുമുണ്ടാകാന്‍ സാധ്യതയുണ്ട്. വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക എന്നിവയാണ് ഇതിന് പ്രതിവിധി. ദിവസവും രണ്ട് മുതല്‍ മൂന്ന് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കുന്നത് ഉത്തമം. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ വേനലില്‍ കഴിവതും ഒഴിവാക്കണം.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. പുറംജോലിക്കാരുടെ ജോലി സമയം ക്രമീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. തുറസായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം, ഷൂട്ടിംഗ് തുടങ്ങിയവ രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ് എന്നതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.












Click it and Unblock the Notifications