ചുട്ടുപൊള്ളി കേരളം; ഇന്നും ചൂട് കൂടും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന ചൂടിന് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും അനുഭവപ്പെടും.
ഇത് കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൂടിനൊപ്പം സംസ്ഥാനത്ത് പലയിടത്തും അള്‍ട്രാവയലറ്റ് വികിരണ തോതും ഉയരുകയാണ് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അള്‍ട്രാവയലറ്റ് വികിരണ തോതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ഉണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടിവിപ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ വിഭാഗം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. പരമാവധി ശുദ്ധജലം കുടിക്കുന്നതോടൊപ്പം നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുകയും വേണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ കുട ചൂടണം. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള പുറംപണികളില്‍ നിന്ന് വിട്ടുനില്‍ക്കണം. ചൂട് കൂടിയതോടെ നദികളില്‍ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടുണ്ട്.












Click it and Unblock the Notifications