പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ശ്രദ്ധിക്കുക, യെല്ലോ അലേർട്ട്
തിരുവന്തപുരം: പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലിയിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ്.
ഉഷ്ണ തരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതു ജനങ്ങളും - ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യതാപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും മുന്നറിയിപ്പിൽ പറയുന്നു.

മാർഗ നിർദ്ദേശങ്ങൾ:
പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക
ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാത്തരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെയ്ക്കുക.
ധാരാളം വെള്ളം കുടിക്കുക
അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
കായികാദ്ധ്വാനം ഉള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ചും കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.
വീട്ടിലും ഓഫീസിലും താെഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം
എല്ലാവിധ പൊതു പരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വെയ്ക്കുന്നത് ഉചിതമായിരിക്കും.
പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതമായി ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അതേ സമയം മറ്റ് ജില്ലകളിൽ ഈ ദിവസങ്ങളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.












Click it and Unblock the Notifications