മാന്‍ഡോസ് ചുഴലിക്കാറ്റില്‍ കേരളത്തിലും മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തമിഴ്‌നാട്ടിന് പുറമെ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ തീവ്ര ന്യൂനമര്‍്ദമായി മാറുകയായിരുന്നു.

നിലവില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം ബുധനാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. തല്‍ഫലമായി ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളില്‍ ഇടിമിന്നലോട് കൂടിയ തീവ്രമഴയാണ് പ്രവചിച്ചിരിക്കുന്നത്.
തമിഴ്നാടിന്റെ വടക്കന്‍ തീരങ്ങളില്‍ നിന്ന് അകലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വൈകീട്ടോടെ മാന്‍ഡോസ് ചുഴലിക്കാറ്റ് എത്തും. വ്യാഴാഴ്ച രാവിലെയോടെ മാന്‍ഡോസ് ആന്ധ്രാ തീരം തൊടും. അതേസമയം മാന്‍ഡോസിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഡിസംബര്‍ 8 ന് 13 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട്, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, അരിയല്ലൂര്‍, പേരാമ്പ്ര, ചെന്നൈ, കല്ല്കുറിച്ചി, മയിലാടുതുറൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ദുരന്ത സാധ്യത തകണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് ടീമുകളെ തമിഴ്‌നാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എന്‍ ഡി ആര്‍ എഫ് കേന്ദ്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications