കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ അതിശക്തമായി തുടരും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ പത്ത് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. അതേസമയം കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും എന്നാണ് പ്രവചനം.

ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
ഞായറാഴ്ച എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 ഓടെ കാലവര്‍ഷം അവസാനിക്കാനാണ് സാധ്യത. കനത്ത മഴ തുടരുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ ദിവസം ലഭിച്ചത് ശരാശരി 83.6 മില്ലീമീറ്റര്‍ മഴയാണ്. ചേര്‍ത്തല 131.2, കായംകുളം 45.0, മാവേലിക്കര 33.4, ആലപ്പുഴ 105.0, മങ്കൊമ്പ് 98.0, ഹരിപ്പാട് 103.4 എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
കനത്ത മഴയില്‍ പലയിടത്തും ചെറിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും കൃഷി നശിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കുട്ടനാട്ടില്‍ മടവീഴ്ച ഭീതി നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications