ഏപ്രിൽ 7 വരെ 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരും. 11 ജില്ലകളിൽ ഈ മാസം ഏഴ് വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, എറണാകുളം, മലപ്പുറം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും.
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപ നിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിൽ ഒഴികെ 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 7 വരെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യത. ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴ പ്രവചിച്ചിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കടലാക്രമണ മുന്നറിയിപ്പുണ്ട്.
ഉയർന്ന തിരമാല നിർദ്ദേശം:
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നും വേഗത സെക്കന്റിൽ 20 സെന്റി മീറ്ററും 40 സെന്റി മീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യത ഉണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1. 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നും ആയതിന്റെ വേഗത സെക്കന്റിൽ 20 സെന്റി മീറ്ററിനും 45 സെന്റി മീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കുക.












Click it and Unblock the Notifications