ചൂടല്ല, കൊടും ചൂട് തന്നെ, ഒരു രക്ഷയും കാണില്ല; പാലക്കാട് ഓറഞ്ച് അലർട്ട്, 2 ഇടത്ത് യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പ്. ഇന്ന് പാലക്കാട് ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരേയും. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗി, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി, തിരുവനന്തപുരത്ത് 36 ഡിഗ്രി എന്നിങ്ങനെയായിരിക്കും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) താപനിലയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക,-ധാരാളമായി വെള്ളം കുടിക്കുക,അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക തുടങ്ങിയ നിർദ്ദേശങ്ങളും വകുപ്പ് നൽകി.
അതിനിടെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിച്ചു. ഇന്ന് 8 ജില്ലകളിൽ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. 30 ന് കേരളത്തിലുടനീളം മഴ ലഭിക്കും. 1ാം തിയ്യതി മുതൽ മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാംകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications