ചൂട് കുറയില്ല; ഏപ്രിൽ 1 വരെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഏപ്രിൽ 1 വരെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാെല്ലം , തൃശ്ശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം , തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളിലും 36 ഡിഗ്രിക്ക് മുകളിലാണ് താപനില. പുനലൂരിലാണ് ഏറ്റവും കൂടുതൽ ( 39.5) തൃശ്ശൂർ വെള്ളാനിക്കര ( 39). പാലക്കാട് ( 38.4) എന്നിങ്ങനെയാണ് കണക്ക്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ മിക്ക സ്റ്റേഷനുകളിലും കുറഞ്ഞ താപനില 27 ഡിഗ്രിക്ക് മുകളിലാണ്.

അതേ സമയം, സംസ്ഥാനത്തെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദ്ദേശം:
പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ വ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൽ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.പ രീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.












Click it and Unblock the Notifications