ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ഇന്ന് 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേ സമയം സംസ്ഥാനത്ത് ഉടനീളം മഴ മുന്നറിയിപ്പും ഉണ്ട്. 14 ജില്ലകളിൽ മിതമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ ആണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചത്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം തൃശൂർ. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും കൂടാൻ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര പ്രദേശങ്ങളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലവസ്ഥയ്ക്ക് സാധ്യത.

ഉയർന്ന താപനില ജാഗ്രത നിർദ്ദേശം:
പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുന്നത് നല്ലതായിരിക്കും.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാാഹചര്യത്തിൽ കാട്ടു തീ വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടു തീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.












Click it and Unblock the Notifications