ചൂടിൽ വെന്തുരുകി സംസ്ഥാനം; ജാഗ്രത വേണം, ഉഷ്ണ തരംഗ സാധ്യത തുടരും; താപനില ഉയർന്നുതന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകും. പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർ കൂടി ഉഷ്ണ തരംഗ സാഹചര്യം തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇടുക്കിയിലും വയനാട്ടിലും താപനില 35 ഡിഗ്രി സെൽഷ്യസാണ് മറ്റെല്ലാ ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. തൃശൂരിലും കൊല്ലത്തും 39 ഡിഗ്രി സെൽഷ്യസും കോഴിക്കോടും കണ്ണൂരിലും 38 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്നതാപനില. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ് ചൂട്.

തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ ആർദ്രത 55 മുതൽ 65 ശതമാനം പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോട് കൂടിയ അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചത്.
പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാത്തരം പുറം ജോലികളും, കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെയ്ക്കുക. ധാരാളമായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.
പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
കായികാദ്ധ്വാനം ഉള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.
വീട്ടിലും ഓഫീസിലും താെഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ കരുതൽ ഉറപ്പാക്കുക.
അതേ സമയം ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം പാലക്കാട്, കോഴിക്കോട്, തൃശൂർ, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിലും മഴ ലഭിച്ചേക്കും.
ഒറ്റുപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യത. ഇതിന് പുറമെ ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പിൽ സംസ്ഥാനത്ത് ഇടിമിന്നലോട് മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഇടിമിന്നൽ കാെണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കുക.












Click it and Unblock the Notifications