കടുത്ത ചൂടിന് താല്‍ക്കാലിക ശമനം; ഇന്ന് മുതല്‍ ഇവിടങ്ങളില്‍ വേനല്‍മഴയെത്തും
ഇന്നലെ പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തിയത് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടാണ്. എരിമയൂര്‍ മേഖലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്

തിരുവനന്തപുരം: വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കൊടും ചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി വേനല്‍മഴ എത്തുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍മഴക്ക് ഇന്ന് മുതല്‍ സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതല്‍ സാധ്യത മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍മഴ ലഭിച്ചേക്കും.
വേനല്‍ മഴ എത്തുന്നതോടെ കടുത്ത വേനലില്‍ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമാകും. എന്നാല്‍ താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് കരുതുന്നത്. എങ്കിലും മഴ ലഭിക്കുന്ന ദിവസങ്ങളില്‍ എങ്കിലും താപനില വലിയ തോതില്‍ ഉയരാനിടയില്ല.
ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം, പാലക്കാട് ജില്ലകളില്‍ കടുത്ത ചൂട് ആണ് രേഖപ്പെടുത്തയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോട്ടയം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് കടന്നിരുന്നു.
അതേസമയം ഇന്നലെ (ശനിയാഴ്ച) സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂര്‍ മേഖലയിലാണ് എന്നാണ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പറയുന്നത്. ഈ മേഖലയില്‍ ഇന്നലെ 41.1 ഡിഗ്രി സെല്‍ഷ്യസ് താപനില ആണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications