രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കേരളത്തിൽ; അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കേരളത്തിൽ ആണ് അനുഭവപ്പെടുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്.
തുടർച്ചയായ രണ്ടാം ദിവസവും കോട്ടയത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. 28.5 ഡിഗ്രി സെൽഷ്യസ് ആണ് ചൂട്. സാധാരണയെക്കാൾ നാല് ഡിഗ്രി കൂടുതലാണ്. സീസണിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണ് ഇത്.

പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ആണ് ശരാശരി ഉയർന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതിൽ കുറവ് അനുഭവപ്പെടുന്നില്ല. 27 - 30 ഡിഗ്രി സെൽഷ്യസിന് ഇടയിൽ പലയിടത്തും രാത്രിയിലും താപനില ഉയർന്നു തന്നെയാണ് നിൽക്കുന്നത്.
2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38° സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37° സെൽഷ്യസ് വരെയും , തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36° സെൽഷ്യസ് വരെയും ( സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിൽ ഒഴികെ 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ട്.
ജാഗ്രതാ നിർദ്ദേശം:
പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാാഹചര്യത്തിൽ കാട്ടു തീ വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.












Click it and Unblock the Notifications