കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ശനിയാഴ്ച വരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള തീരത്ത് വെള്ളിയാഴ്ച വൈകുന്നേരം 05:30 മുതല്‍ ശനിയാഴ്ച രാത്രി 08.30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി തീരം, തെക്കന്‍ തമിഴ്‌നാട് തീരം, കാരയ്ക്കല്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫെബ്രുവരി മൂന്നിന് ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി തീരം, തെക്കന്‍ തമിഴ്‌നാട് തീരം, കാരയ്ക്കല്‍ തീരം, പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും, ഫെബ്രുവരി നാലിന് കന്യകുമാരി തീരം അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications