കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കാണ് സാധ്യത. അതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത ഉണ്ട്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ഇതിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെടും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇറാന്‍ ആണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദേശിച്ചത്. അതേസമയം ഹമൂണ്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇന്ന് രാവിലയോടെ ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്ന ഹമൂണ്‍ ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്ത് കര തൊടും. കര തൊടും മുമ്പ് ദുര്‍ബലമാകുന്നതിനാല്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ വരെയുള്ള കേരള തീരത്താണ് ഇതിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 3.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് ( കുളച്ചല്‍ മുതല്‍ കിലക്കരൈ വരെ ) 1.2 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം എന്നും അധികൃതര്‍ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് നിര്‍ദേശാനുസരണം മാറി താമസിക്കണം എന്നും മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച അതിരാവിലെയോടെ ഒമാന്‍- യെമന്‍ തീരത്ത് കര തൊടും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications