കേരളം എന്നും പലസ്തീൻ ജനതക്കൊപ്പം: മുഖ്യമന്ത്രിയെ സന്ദർശിച്ച് പലസ്തീന്‍ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ച് ഇരുവരും ഏറെനേരം കൂടിക്കാഴ്ച നടത്തി. സംസ്ഥാനം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
'കേരളം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചു. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം. ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണം.' മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇസ്രായേൽ അധിനിവേശവും പലസ്തീൻ നേരിടുന്ന നിലവിലെ വെല്ലുവിളികളും അംബാസഡർ വിശദമായി വിവരിച്ചു. ഈ നിർണ്ണായക സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ അത്യന്തം മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനിന് കൂടുതൽ പിന്തുണ അനിവാര്യമാണ്, അത് ലോകമെമ്പാടുമുള്ളവരിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷാവേഷ് മുഖ്യാഥിതിയാകും. എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനായിരിക്കും.
ഇടതുമുന്നണിയിലെ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം പറഞ്ഞു. സിപിഐഎം നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ സമിതി 2023 നവംബര്‍ മാസത്തിലും കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതേസമയം സെപ്റ്റംബര്‍ 25ന് പലസ്തീന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സമ്മേളനത്തിലും പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷ് തന്നെയായിരുന്നു മുഖ്യാതിഥി.












Click it and Unblock the Notifications