കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിന്: പിണറായി വിജയന്‍
കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപക സൗഹൃദഘടന ശക്തിപ്പെടുത്തുന്നതിനായി ആഗോള നിക്ഷേപകരെയും ഈ മേഖലയിലെ വിദഗ്ധരെയും, നയരൂപീകരണ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരിക, കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പര്യവേഷണം ചെയ്യുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനു അനവധി പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന നിക്ഷേപകർക്ക് നടപടിക്രമങ്ങളുടെ കാലതാമസം നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൽ വലിയ മുന്നേറ്റം നടത്താനായി.

2019 ലെ കേരള മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഫെസിലിറ്റേഷൻ ആക്റ്റ് നടപ്പാക്കിയതോടെ കെ -സ്വിഫ്റ്റ് പോർട്ടൽ വഴി എളുപ്പത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ വരുന്നതിന് ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുകയാണ്.
ദേശീയ പാത 66 വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനു ചെലവിന്റെ 25 ശതമാനം സംസ്ഥാനം സംഭാവന ചെയ്തിട്ടുണ്ട്. അതിവേഗ ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ റെയിൽവേ വികസനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരങ്ങൾ നേടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദേശീയ പാതകളുടെ വികസനത്തിന് മാത്രമല്ല, സംസ്ഥാനത്തിനുള്ളിലെ എല്ലാ റോഡുകൾക്കും കേരള സർക്കാർ പ്രാധാന്യം നൽകുന്നു.
സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നിലവിലുണ്ട്. ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഉൾനാടൻ ജലപാതകളെ സഞ്ചാരയോഗ്യമായ പാതയാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനുകൾ സ്ഥാപിച്ചതോടെ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ സാധിച്ചു. ഭൂമിയില്ലാത്തതിൻ്റ പേരിൽ കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നിരാശയോടെ മടങ്ങേണ്ടവരില്ല.ഉയർന്നുവരുന്ന തൊഴിൽ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഭേദമന്യേ നാടിന്‍റെ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാനും അതു വഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുന്നതിന് ഒന്നിച്ചു നിൽക്കണം. പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്‍റെ വ്യവസായനയം. എംഎസ്എംഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണ്.
വ്യവസായ സൗഹൃദ നയമാണ് കേരളത്തിൻ്റേത്. ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കേരളത്തിലാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ അടിസ്ഥാനമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്‍റെ ഇന്‍റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപക രംഗത്തെ നാഴികകല്ലാകുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications