'മുകേഷ് എംഎൽഎ സ്ഥാനം രാജിവെച്ചില്ലെങ്കിൽ കടുത്തപ്രതിഷേധം'; മുന്നറിയിപ്പുമായി സ്ത്രീപക്ഷ പ്രവർത്തകർ
കൊച്ചി: മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി. സിനിമ നയരൂപീകരണ സമതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന് സാറാ ജോസഫ്, കെ അജിത, കെ ആർ മീര, രേഖാ രാജ് , സി എസ് ചന്ദ്രിക അടക്കമുള്ളവർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും മുകേഷ് നിരവധി ആരോപണങ്ങൾ നേരിടുന്ന ആളാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.

നിയമനിർമാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്ത പദമാണ് എം എൽ എ സ്ഥാനം. സിനിമ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ സിനിമ നയം രൂപീകരിക്കുന്ന സമിതിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്നും പ്രസ്താവനയിൽ പറയുന്നു.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എം എൽ എ സ്ഥാനം സ്വയം രാജി വെയ്ക്കേണ്ടതാണ്. അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ എം എൽ എ സ്ഥാനം രാജി വെയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം.
സിനിമ നയരൂപീകരണ സമിതിയിൽ നിന്നും സിനിമ ക്ലോൺക്ലേവിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കുകയും വേണം. അല്ലാത്ത പക്ഷം മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഓർമപ്പെടുത്തുന്നു, പ്രസ്താവനയിൽ പറയുന്നു.
ലൈംഗിത അതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനം ഒഴിയാൻ മുകേഷിനോട് സി പി എം ആവശ്യപ്പെട്ടതായാണ് വിവരം. അതേ സമയം മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന് ആവശ്യം ഉയർന്നുവരുമ്പോൾ സി പി എം ഈ വിഷയത്തിൽ തീരുമാനം വ്യക്തമാക്കിയിട്ടില്ല












Click it and Unblock the Notifications