'കേരളം' കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു; ഇനിയും നടപടികള്‍ ബാക്കി, അറിയാം ഇനി എന്തൊക്കെ
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നു മാറ്റണം എന്ന ആവശ്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് ആയ സേവ തീര്‍ഥില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത്. ഭരണഘടനയില്‍ കേരള എന്നതിന് പകരം ഇനി കേരളം എന്നാക്കി മാറ്റും.
കേരളം എന്നാണ് മലയാളികള്‍ പറയുക. എന്നാല്‍ ഇംഗ്ലീഷില്‍ കേരള എന്നാണ് എഴുതുക. ഹിന്ദിയില്‍ കേരല്‍ എന്നും എഴുതും. ഏകീകൃത സ്വാഭാവം വേണമെന്നും മലയാളികള്‍ പറയും പോലെ കേരളം എന്ന് വിളിക്കണം എന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം. ചരിത്രപരവും സാംസ്‌കാരികവുമായ വശങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

ഏറെ കാലത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 2023 ആഗസ്റ്റില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് മടക്കി. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികയില്‍ മാറ്റം വേണം എന്നാവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. എട്ടാം പട്ടിക മാത്രം മാറ്റിയാല്‍ മതി എന്ന് നിര്‍ദേശിച്ചാണ് പ്രമേയം കേന്ദ്ര ആഭ്യന്തര വകുപ്പ് മടക്കിയത്.
തുടര്‍ന്ന് 2024 ജൂണില്‍ വീണ്ടും നിയമസഭ പ്രമേയം പാസാക്കി. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്നാക്കി മാറ്റണം എന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ ആവശ്യമായ അടിയന്തര നടപടികള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം സ്വീകരിക്കണം എന്നായിരുന്നു പ്രമേയം. ഇതാണ് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകരിച്ചിരിക്കുന്നത്.
ഇനിയുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ
ഭരണഘടനയില്‍ കേരള എന്നാണ് പറയുന്നത്. ഇനി മുതല്‍ കേരളം എന്നാക്കി മാറ്റും. ഭരണഘടനയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്നാക്കും. ഇതുമായി ബന്ധപ്പെട്ട ബില്ലിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ ബില്ല് ഇനി രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി ബില്ല് സംസ്ഥാന നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ മറുപടി കിട്ടിയ ശേഷം പാര്‍ലമെന്റില്‍ പുതിയ ബില്ല് അവതരിപ്പിക്കും.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ബന്ധപ്പെട്ട ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയും കടന്ന് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയില്‍ ഭേദഗതി വരുത്തും. ഇത്രയും നടപടികള്‍ ഇനി ബാക്കിയാണ്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ മറ്റു നടപടികള്‍ വേഗത്തിലാകും.
സമാനമായ രീതിയില്‍ പേര് മാറ്റപ്പെട്ട സംസ്ഥാനമാണ് ഒഡീഷ. നേരത്തെ ഒറീസ എന്നാണ് വിളിച്ചിരുന്നത്. ഇത് മാറ്റി ഒഡീഷ എന്നാക്കണം എന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. 2011ലാണ് ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയത്.












Click it and Unblock the Notifications