മുഖ്യമന്ത്രി നയിക്കും: കേരളത്തിന്റെ ഡല്‍ഹി പ്രക്ഷേഭത്തിന് പിന്തുണയുമായി മറ്റ് കക്ഷികളുമെത്തും
ഡല്‍ഹി: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. രാവിലെ 11 മണി മുതല്‍ 1 മണി വരെ ജന്തർ മന്തിറിലാണ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും
രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. സീതാറാം യെച്ചൂരി, ഡി രാജ ഉൾപ്പടെയുള്ള മുതിർന്ന സി പി എം, സി പി ഐ
നേതാക്കളും ഡി എം കെ, എ എ പി, ആർ ജെ ഡി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നലെ കർണാടക മുഖ്യമന്ത്രി ജി സിദ്ധരാമയ്യയും മന്ത്രിമാരും സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുന്നത്.

സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ആ ലക്ഷ്യം മുന്‍ നിർത്തിയാണ് സമാനമായ പ്രശ്നം നേരിടുന്ന പ്രതിപക്ഷ പാർട്ടി സർക്കാർ പ്രതിനിധികളേയും കേരളം സമരത്തിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിൻ്റെ പ്രതിഷേധത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് അവസാനമായി ഡൽഹിൽ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്.
കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തെരെഞ്ഞെടുക്കേണ്ടിവന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിതെന്നും പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
'ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്‍റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.' മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന പ്രതികാര നടപടികൾക്കെതിരെയും ധനവിവേചനത്തിനെതിരെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരം വിജയിപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അഭിപ്രായപ്പെട്ടു. ഇത് കേരളത്തിൻ്റെ പോരാട്ടമാണ്. ന്യായമായ ഈ പോരാട്ടത്തിന് അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ തത്വങ്ങളെ അംഗീകരിക്കാതെ ഫെഡറിലിസത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് രംഗത്തുവരേണ്ടിവരും. കേരളത്തിലെ പ്രതിപക്ഷത്തിനു മാത്രമാണ് ഇത് ഇതുവരെ മനസിലാകാത്തത്. ഇത് അവരോടൊപ്പം നിൽക്കുന്ന ജനവിഭാഗത്തിനും മനസിലായിട്ടുണ്ട്. കേരളത്തിനു വേണ്ടിയുള്ള സമരത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണം. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ വൈകിട്ട് എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications