'ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങള്‍ക്കും ജീവിക്കണ്ടേ'; കേരളത്തിലെ ആദ്യത്തെ ബൈസെക്ഷ്വല്‍ ഗേ കപ്പിള്‍സ് പറയുന്നു
തിരുവനന്തപുരം: ഗേ ആയതിന്റെ പേരില്‍ വീട്ടുകാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കേരളത്തിലെ ആദ്യത്തെ ബൈസെക്ഷ്വല്‍ ഗേ കപ്പിളായ സുരാജും ശിവപ്രസാദും. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ സുരാജ് ആണ് വീട്ടുകാരില്‍ നിന്ന പീഡനവും ഭീഷണിയും നേരിടുന്നത്. തന്നെ ചേര്‍ത്തുനിര്‍ത്തുന്നതിനാല്‍ ശിവപ്രസാദും വീട്ടുകാരില്‍ നിന്ന് ഭീഷണി നേരിടുകയാണ് എന്ന് സുരാജ് പറയുന്നു.
വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു ഇരുവരുടേയും പ്രതികരണം. കുട്ടിക്കാലത്ത് കസിനില്‍ നിന്ന് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ആളാണ് സുരാജ്. അന്ന് പോലും വീട്ടുകാര്‍ തനിക്കൊപ്പം നിന്നിട്ടില്ല എന്നാണ് സുരാജ് പറയുന്നത്. അതേസമയം എന്തുവില കൊടുത്തും സുരാജിനെ സംരക്ഷിക്കുമെന്നും തന്റെ ഇണയെ വിട്ടുകളയാന്‍ ഒരുക്കമല്ലെന്നും ശിവപ്രസാദും പറഞ്ഞു. സുരാജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'12-ാമത്തെ വയസ് വരെ ഫിസിക്കല്‍ അസോള്‍ട്ട് സഹിച്ചാണ് ഞാന്‍ നിന്നത്. അമ്മയുടെ സഹോദരിയുടെ മകന്‍ എന്നെ സെക്ഷ്വലി ഉപദ്രവിക്കാറുണ്ടായിരുന്നു. വീട്ടുകാരോട് ഇക്കാര്യം പറയുമ്പോള്‍ വിശ്വസിക്കാറില്ല. എല്ലാവരും അവന്‍ പറയുന്നതാണ് വിശ്വസിക്കാറുള്ളത്. ചേട്ടന്റെ സ്ഥാനത്ത് നില്‍ക്കേണ്ട ആളാണ് അവന്റെ സുഖത്തിന് വേണ്ടി ഉപയോഗിച്ചത്. എട്ട് വര്‍ഷം എല്ലാം സഹിച്ച് ഞാന്‍ വീട്ടില്‍ നിന്നു.
ഒമ്പതാം ക്ലാസില്‍ ഞാനൊരാളെ പരിചയപ്പെട്ടു. നല്ല സുഹൃത്താണെന്ന് തോന്നി. എല്ലാം തുറന്ന് പറയാന്‍ പറ്റുന്ന ആളാണ് എന്ന് വിചാരിച്ചു. പക്ഷെ ഞാന്‍ അറിയാതെ ആളെ സ്നേഹിച്ചു. അപ്പോള്‍ ആള്‍ക്ക് മനസിലായി എന്തോ പ്രശ്നമുണ്ട് എന്ന്. എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഒന്നുമില്ല എന്ന്. പിന്നെ പഠിത്തത്തില്‍ പിറകിലായപ്പോള്‍ എന്നോട് കാരണം ചോദിച്ചു. ഞാന്‍ എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി പറഞ്ഞു, കുഴപ്പമില്ല നമുക്ക് കൗണ്‍സിലിംഗ് ചെയ്യാം എന്ന് പറഞ്ഞു.
പ്ലസ് ടു കഴിഞ്ഞ് ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി. ദിവസം 500 രൂപയായിരുന്നു എനിക്ക് കിട്ടിയിരുന്നത്. അതില്‍ നിന്ന് ഞാനൊരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി. എന്നാല്‍ ഞാനൊരു ഗേ ആണ് എന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ അംഗീകരിച്ചില്ല. വീട്ടുകാര്‍ എന്നെ പൂജാരിമാരുടെ അടുത്തും നമ്പൂതിരിമാരുടെ അടുത്തും കൊണ്ടുപോയി. ഇതിലൊന്നും മാറുന്നില്ല എന്ന് കണ്ടപ്പോള്‍ അവര്‍ എന്നെ മാനസികാശുപത്രിയില്‍ കൊണ്ടുപോയി.
കുറെക്കാലം വീട്ടില്‍ തന്നെയിട്ട് പീഡിപ്പിച്ചു. എനിക്ക് ഇങ്ങനെയയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടും ആരും എന്റെ ഒപ്പം നിന്നില്ല. പിന്നീട് അമ്മയുടെ സഹോദരിയുടെ മകനോട് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അവന്‍ അന്തസായിട്ട് താനിതെല്ലാം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. അവന്‍ സുഖമായിട്ട് കല്യാണം കഴിച്ച് ജീവിക്കുന്നു. കേസിന് പോകാന്‍ നാണക്കേടാണെന്ന് പറഞ്ഞ് വീട്ടുകാര്‍ തയ്യാറായില്ല.
വിജേഷ് എന്നാണ് എന്നെ ഉപദ്രവിച്ച ആളുടെ പേര്. അവന്‍ ഒരിക്കല്‍ വീട്ടിലെത്തി 20000 രൂപ തരാം കേസിന് പോകരുത് എന്ന് പറഞ്ഞു. വീട്ടുകാര്‍ അത് സമ്മതിക്കുകയും ചെയ്തു. പൈസക്ക് വേണ്ടി സ്വന്തം മകന് നീതി നിഷേധിച്ചു അവര്‍. പിന്നെ എനിക്ക് മനസിലായി ആരും എന്റെ കൂടെ നില്‍ക്കില്ല എന്ന്. ആ ഘട്ടത്തിലാണ് ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ ഞാന്‍ ചേട്ടന്റെ അടുത്തേക്ക് പോയി.
മലപ്പുറം വണ്ടൂരാണ് എന്റെ വീട്. വീട്ടുകാര്‍ പലരീതിയില്‍ ബുദ്ധിമുട്ടിച്ചു. കാശിന് വേണ്ടി ഞാന്‍ ജോലി ചെയ്തുണ്ടാക്കിയ കാര്‍ വിറ്റു. കേസെടുത്തിട്ട് വണ്ടൂര്‍ സി ഐ പോലും എന്റെ കൂടെ നിന്നില്ല. അമ്മയുടെ കണ്ണീരില്‍ അവര്‍ വീണു. എന്റെ അമ്മയ്ക്ക് പല നാടകങ്ങളും കളിക്കാന്‍ അറിയാം. പക്ഷെ അതില്‍ അവരും വീണു. ഞങ്ങള്‍ ഒരുവര്‍ഷവും രണ്ട് മാസവുമായി ഒന്നിച്ചാണ് ജീവിക്കുന്നത്. എന്റെ വീട്ടുകാര്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല.
ചേട്ടനെ മാനസികമായി തളര്‍ത്താന്‍ വീട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ കാരണം ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. അവരിപ്പോഴും ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തി. എനിക്ക് 18 വയസെ ഉള്ളൂ എന്ന് പറഞ്ഞ് ഗുണ്ടകളുമായി വന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആ ഗുണ്ടകള്‍ ഫ്‌ളാറ്റിലെത്തി എന്നോട് സംസാരിച്ചപ്പോഴാണ് എനിക്ക് 21 വയസായിട്ടുണ്ട് എന്ന് അറിഞ്ഞത്. ഞങ്ങള്‍ നിയമപരമായിട്ട് ലിവിംഗ് ടുഗെദറായി ജീവിക്കുകയാണ്. ചേട്ടനെ ഭീഷണിപ്പെടുത്തി ആക്രമിച്ചിട്ടുണ്ട്. ഞങ്ങളെ ജീവിക്കാന്‍ ആരും അനുവദിക്കുന്നില്ല. ഞങ്ങളും മനുഷ്യരല്ലേ,'.












Click it and Unblock the Notifications