കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് എത്തി; സമയക്രമം, ബുക്കിംഗ്, സ്റ്റോപ്പുകൾ; വിശദമായി അറിയാം
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 4.30 ന് ആണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ ഉദ്ഘാടന സർവ്വീസ്.
ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടേ മുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് ട്രെയിനുകൾ കൂടി ബ്രിഡ്ജിൽ തയ്യാറായിരുന്നുവെങ്കിലും ഡീസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുള്ള വന്ദേ ഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ എട്ട് കോച്ചുകളാണ്.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സർവീസുകൾ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്ര സർവീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.
അതേസമയം, രണ്ടാമത്തെ വന്ദേ ഭാരതിന്റെ സമയക്രമം തയ്യാറായിട്ടുണ്ട്. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴുമണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും വൈകീട്ട് 4:5ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11.55ന് കാസർഗോഡ് എത്തുന്ന നിലയിലായിരിക്കും സർവീസ്. ആഴ്ചയിൽ ആറ് ദിവസം ആണ് സർവീസ്.
തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.












Click it and Unblock the Notifications