താരനിബിഡമായി കേരളീയം; ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ-വ്യാവസായിക ലോകത്തെ പ്രമുഖരെ സാക്ഷിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കേരളീയം കേരളത്തിന്റെയാകെ മഹോത്സവമാണ് എന്ന് പിണറായി പറഞ്ഞു. എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ കുറിച്ച് അഭിമാനിക്കുന്ന മനസ് മലയാളികള്‍ക്കുണ്ടാകണം. ആര്‍ക്കും പിന്നിലല്ല കേരളീയര്‍ എന്നും പല കാര്യങ്ങളിലും നമ്മള്‍ മുന്നിലാണ് എന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ കഴിയും. അസാധാരണവും അപ്രാപ്യവുമായ നിരവധി നേട്ടങ്ങള്‍ നമ്മള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഏത് മേഖലയിലും കേരളത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളത്. ഈ പുതിയ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളീയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിലൂടെ എല്ലാ രംഗത്തും കേരളം ലോകമാകെ ശ്രദ്ധിക്കപ്പെടും. ലോകം മഹാമാരിക്ക് മുന്നില്‍ പകച്ച് നിന്നപ്പോളും കേരളം ആര്‍ജവത്തോടെ നേരിട്ടു. പൊതുജനാരോഗ്യരംഗത്ത് കേരളം വഹിച്ച അസൂയാവഹമായ നേട്ടത്തെയാണ് ഇത് കാണിക്കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങളായി മാറിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വ്യവസായികളായ രവി പിള്ള, എം എ യൂസഫലി, അഭിനേതാക്കളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, ശ്രീകുമാരന്‍ തമ്പി, ടി പദ്മനാഭന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിന് എത്തിയിരുന്നു. യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. തലസ്ഥാനത്ത് കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ആശയങ്ങള്‍ സമാഹരിക്കാനുള്ള സെമിനാറുകള്‍, കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങള്‍ 30 വേദികളിലായി 4100 കലാകാരന്മാര്‍ പങ്കെടുക്കുന്ന 300 കലാപരിപാടികള്‍ എന്നിവ കേരളീയത്തിന്റെ ആകര്‍ഷണമാണ്.












Click it and Unblock the Notifications