• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആവേശം വിതറി ചെറുപൂരങ്ങളും... ഘടകപൂരങ്ങള്‍ക്കൊപ്പം മേളവും പഞ്ചവാദ്യവും ഉയര്‍ന്നതോടെ ഉത്സവപ്രതീതി

തൃശൂര്‍: ഗജവീരന്‍മാര്‍ നെറ്റിപ്പട്ടം കെട്ടി ഒരുങ്ങിയെത്തി വടക്കുംനാഥന്‌ മുന്നില്‍ തീര്‍ത്ത ചെറുപൂരങ്ങളോടെ പൂരങ്ങളുടെ പൂരത്തിന്‌ ആവേശത്തുടക്കം. നടുനായകനൊപ്പം കൂട്ടാനകളും പറ്റാനകളും നിലയുറപ്പിച്ചതോടെ ജനസാഗരങ്ങളുടെ ആര്‍ത്തു വിളികള്‍ക്കിടയില്‍ ചെറുപൂരങ്ങള്‍ അരങ്ങേറി. വടക്കുംനാഥനെ വന്ദിച്ചു മടങ്ങാനാണ്‌ ചെറുപൂരങ്ങള്‍ എത്തുന്നത്‌.

ശ്രീമൂലസ്‌ഥാനത്ത്‌ അണിനിരന്ന ഘടകപൂരങ്ങള്‍ക്കൊപ്പം മേളവും പഞ്ചവാദ്യവും ഉയര്‍ന്നതോടെ ഉത്സവപ്രതീതി അലതല്ലി. ചെറുപൂരങ്ങള്‍ ആസ്വദിക്കാന്‍ പുരുഷാരം പടിഞ്ഞാറേ ഗോപുര നടയിലേക്ക്‌ ഒഴുകിയെത്തി. പ്രതിഷ്‌ഠാ മൂര്‍ത്തികള്‍ എഴുന്നള്ളിയെത്തിയപ്പോള്‍ പൂരനഗരി ആര്‍ത്തുവിളിച്ചു.

ആനപ്പുറത്ത്‌ മയില്‍പ്പീലികണ്ണുള്ള ആലവട്ടവും അപ്പൂപ്പന്‍താടി പോലെ വെഞ്ചാമരങ്ങളും ഉയര്‍ന്നു താണു. പതിഞ്ഞ താളത്തില്‍ നിന്നും മേളം മുറുകിയപ്പോള്‍ പൂരപ്രേമികള്‍ ചുവടുവച്ചു. ഒന്നിന്‌ പുറകേ മറ്റൊന്നായി എട്ടു ചെറുപൂരങ്ങള്‍. രാവിലെ 7.30 മുതല്‍ ഉച്ചയ്‌ക്ക്‌്‌ ഒന്നുവരെയാണ്‌ ഘടകപൂരങ്ങള്‍ വടക്കുന്നാഥനിലെത്തി മടങ്ങിയത്‌.

രാത്രിയിലും ചടങ്ങുകള്‍ ആവര്‍ത്തിച്ചു. സ്വന്തം തട്ടകങ്ങളില്‍നിന്ന്‌ എഴുന്നള്ളിക്കുമ്പോള്‍ പഞ്ചവാദ്യവും നാഗസ്വരവും അകമ്പടിയാകുമെങ്കിലും വടക്കുന്നാഥന്‌ മുന്നിലേക്കെത്തിയാല്‍ പിന്നീട്‌ പാണ്ടിമേളത്തിന്റെ പ്രവാഹമാണ്‌. പാണ്ടിമേളത്തിന്റെ ആരോഹണാവരോഹണങ്ങള്‍ക്കൊപ്പം ജനം ഇരമ്പിയാര്‍ത്തു.

വെയിലേല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ കണിമംഗലം ശാസ്‌താവ്‌ പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ പൂരം ദേശക്കാരോടൊപ്പം കണിമംഗലത്തുനിന്നും പുറപ്പെട്ടു. ഒരാനപ്പുറത്താണ്‌ ശാസ്‌താവ്‌ എഴുന്നള്ളിയത്‌. ഒമ്പതാനകളുടെ അകമ്പടിയോടെ മണികണ്‌ഠനാലിലെത്തി തെക്കേ ഗോപുരനട വഴി വന്ന്‌ പടിഞ്ഞാറേ നട വഴി പുറത്തിറങ്ങി. ചെര്‍പ്പുളശേരി ശേഖരനാണ്‌ കണിമംഗലം ശാസ്‌താവിന്റെ തിടമ്പെഴുന്നള്ളിച്ചത്‌. പുതുക്കാട്‌ അഭിലാഷിന്റെ പാണ്ടിമേളം ആവേശപ്രവാഹം തീര്‍ത്തു.

മൂന്നാനകളും തകിലും നാഗസ്വരവുമായെത്തിയ പനമുക്കുംപള്ളി ശ്രീ ധര്‍മ്മ ശാസ്‌താവ്‌ വടക്കുന്നാഥന്റെ കിഴക്കേ ഗോപുരനടവഴി അകത്തുകയറി വന്ന വഴി തന്നെ തിരിച്ചിറങ്ങി. പാറമേക്കാവ്‌ കാശിനാഥനാണ്‌ ശാസ്‌താവിന്റെ കോലം വഹിച്ചത്‌. കല്ലുവഴി ബാബു പഞ്ചവാദ്യത്തിനും നാദത്തിന്‌ നെട്ടിശേരി ശ്രീധരനും നേതൃത്വം നിര്‍വഹിച്ചു.

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയെത്തിയ ചെമ്പുക്കാവ്‌ കാര്‍ത്ത്യായനി ക്ഷേത്രത്തിലെ ഭഗവതിയുടെ കോലം എഴുന്നള്ളിച്ചത്‌ പാറമേക്കാവ്‌ രാജേന്ദ്രനാണ്‌. ഗുരുവായൂര്‍ ഹരിവാര്യരുടെ പഞ്ചവാദ്യത്തിനൊപ്പം പൂരപ്രേമികള്‍ ഇളകിമറിഞ്ഞു. മൂന്നാനകളാണ്‌ അണി നിരക്കുന്നത്‌. കിഴക്കേനടയിലൂടെ അകത്തേക്ക്‌ വടക്കുന്നാഥനിലേക്ക്‌ പ്രവേശിച്ച്‌ തെക്കേ ഗോപുരനടയില്‍ പഞ്ചവാദ്യം അവസാനിപ്പിച്ചു. തെക്കോട്ടിറങ്ങിയ എഴുന്നള്ളിപ്പ്‌ തിരിച്ച്‌ കയറി പാണ്ടിമേളത്തോടെ പടിഞ്ഞാറെ നടവഴി തിരിച്ചിറങ്ങി.

കിഴക്കൂട്ട്‌ അനിയന്‍മാരാരുടെ പാണ്ടിമേളത്തിനൊപ്പം പൂക്കാട്ടിക്കര കാരമുക്ക്‌ ഭഗവതി എഴുന്നള്ളിയെത്തി. മംഗലംകുന്ന്‌ ഗണേശനാണ്‌ ഭഗവതിയുടെ കോലമെഴുന്നള്ളിച്ചത്‌. പടിഞ്ഞാറേ ഗോപുരം വഴി അകത്തു കയറിയ ദേവി തെക്കേ ഗോപുരം വഴി പുറത്തു കടന്നു.

ചൂരക്കോട്ടുകാവിലമ്മയുടെ ചെറുപൂരം കാണികളെ ആവേശത്തിലാഴ്‌ത്തി. നാഗസ്വരം, പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ പതിനാല്‌ ആനകളുമൊത്ത്‌്‌ പ്രൗഢഗംഭീരമായ എഴുന്നള്ളിപ്പ്‌. ഗജവീരന്‍ ഇത്തിത്താനം വിഷ്‌ണുനാരായണന്‍ ഭഗവതിയുടെ കോലമെഴുന്നള്ളിച്ചു. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ മേളപ്രമാണം നിര്‍വഹിച്ചു. പതിനൊന്നിന്‌ മേളം സമാപിച്ചപ്പോള്‍ തിടമ്പേറ്റിയ ആന വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരത്തിലൂടെ പുറത്തിറങ്ങി. പിന്നീട്‌ പാറമേക്കാവ്‌ ക്ഷേത്രത്തില്‍ ഇറക്കി പൂജയോടെ എഴുന്നള്ളിപ്പ്‌ സമാപിച്ചു.

ഏഴാനകളുടെ അകമ്പടിയോടെ പഞ്ചവാദ്യഘോഷത്തോടെയാണ്‌ അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി എഴുന്നള്ളിയത്‌. പതിമൂന്നാനകളുടെ ചെറുപൂരം. പുതുപ്പള്ളി ഷാജു തിടമ്പേറ്റി. പഞ്ചവാദ്യത്തിന്‌ ഉദയനാപുരം ഹരിയും മേളത്തിന്‌ ചെറുശേരി കുട്ടന്‍മാരാരും നേതൃത്വം നല്‍കി. പടിഞ്ഞാറെ നടയിലൂടെ കയറിയ ഭഗവതി തെക്കോട്ടിറങ്ങി തിരിച്ചു പോയി.

ഒമ്പതാനകള്‍ നിരന്ന ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിന്റെ ചെറുപൂരത്തില്‍ തൃപ്രയാര്‍ ബലരാമന്‍ ഭഗവതിയുടെ തിടമ്പേറ്റി. നടുവിലാല്‍ ജങ്‌ഷനില്‍ പഞ്ചവാദ്യം സമാപിച്ച്‌ പാണ്ടിമേളത്തിലേക്ക്‌ കടന്നു. ശ്രീമൂലസ്‌ഥാനത്തെത്തി ജിതിന്‍ കല്ലാറ്റിന്റെ പാണ്ടിമേളം കൊട്ടിയവസാനിച്ചപ്പോള്‍ ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങി.

നട്ടുച്ച വെയിലില്‍ കുറ്റൂര്‍ നെയ്‌തലക്കാവ്‌ ഭഗവതിയുടെ എഴുന്നള്ളത്താണ്‌ ഘടകപൂരങ്ങളില്‍ അവസാനത്തേത്‌. പതിനൊന്നാനകള്‍ ചെറുപൂരത്തിന്‌ അകമ്പടി സേവിച്ചു. ജിതിന്‍ കല്ലാറ്റിന്റെ പാണ്ടിമേളത്തിനൊപ്പം കാണികള്‍ ആര്‍പ്പു വിളിച്ചു. ഗുരുജി ശിവനാരായണന്റെ തലയെടുപ്പില്‍ നെയ്‌തലക്കാവ്‌ ഭഗവതി എഴുന്നള്ളിയെത്തി വടക്കുന്നാഥനെ വന്ദിച്ചു. നെയ്‌തലക്കാവിലമ്മ തെക്കോട്ടിറങ്ങിയതോടെ ഘടക ക്ഷേത്രങ്ങളുടെ ചെറുപൂരങ്ങള്‍ പൂര്‍ത്തിയായി.

English summary
Keralities celebrate Thrissur Pooram festival with zest and enthusiasm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more