ഇനി കോടികളുടെ കളികള്‍ മാത്രം: അടിമുടി മാറി കേരള ലോട്ടറി; 3 പുതിയ ലോട്ടറി; കുറഞ്ഞ സമ്മാനം 50 രൂപ
തിരുവനന്തപുരം: ലോട്ടറി ഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന ലോട്ടറി വകുപ്പ്. പുതിയ സമ്മാനഘടനയും ടിക്കറ്റ് വിതരണ സംവിധാനവും ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങളാണ് ഇനി മുതല്‍ വരാന്‍ പോകുന്നത്. സംസ്ഥാനത്ത് നറുക്കെടുക്കുന്ന എല്ലാ ലോട്ടറികളുടേയും ഒന്നാം സമ്മാനം ഇനി ഒരു കോടി രൂപയായിരിക്കും എന്നതാണ് ഏറ്റവും പ്രധാന മാറ്റം. 1967-ൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സർക്കാർ നടത്തുന്ന ലോട്ടറി പദ്ധതിയിൽ ഇതാദ്യമായാണ് ഇത്തരമൊരു വലിയ പരിഷ്കരണം നടപ്പിലാക്കുന്നത്. 'സുവർണ്ണ കേരളം', 'ഭാഗ്യതാര', 'ധനലക്ഷ്മി' എന്നീ പേരുകളിലുള്ള പുതിയ ലോട്ടറികളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.
സുവർണ്ണ കേരളം എന്ന പുതിയ ലോട്ടറി, വെള്ളിയാഴ്ചകളില്‍ നറുക്കെടുത്തിരുന്ന നിർമൽ ലോട്ടറിക്ക് പകരമായിട്ടാണ് അവതരിപ്പിക്കുന്നത്. ആദ്യ സമ്മാനം ഒരു കോടി രൂപയായി ഉയർത്തിയതിനോടൊപ്പം തന്നെ ടിക്കറ്റ് വില 50 രൂപയായും വർധിപ്പിച്ചു. പുതിയ സമ്മാന ഘടന പ്രകാരമുള്ള ആദ്യ നറുക്കെടുപ്പ് മേയ് 2-ന് ഉച്ചക്ക് 2 മണിക്ക് നടക്കും. നേരത്തെ മൂന്ന് മണിക്കായിരുന്നു ലോട്ടറി നറുക്കെടുപ്പ് നടന്നിരുന്നത്.

ഇനി മുതൽ ഞായറാഴ്ച സമൃദ്ധി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ പേരുകളിലായിരിക്കും ലോട്ടറികളുണ്ടാവുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അക്ഷയ, വിന്‍ വിന്‍, നിർമ്മല്‍, ഫിഫ്റ്റി ഫിഫ്റ്റി എന്നീ പേരുകളില്‍ ലോട്ടറിയുണ്ടാകില്ല.
ഞായറാഴ്ചത്തെ 'അക്ഷയ' ലോട്ടറിക്ക് പകരം വരുന്ന സമൃദ്ധിയുടെയും തിങ്കളാഴ്ചത്തെ വിൻ വിൻ ലോട്ടറിക്ക് പകരം വരുന്ന ഭാഗ്യധാരയുടെയും രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. നേരത്തെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയുമായിരുന്നു.
വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ്, ബുധനാഴ്ചത്തെ ഫിഫ്റ്റി-ഫിഫ്റ്റിക്ക് പകരം വരുന്ന ധനലക്ഷ്മി, ശനിയാഴ്ചത്തെ കാരുണ്യ എന്നീ ലോട്ടറികളുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. ചൊവ്വാഴ്ചത്തെ സ്ത്രീശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും, വെള്ളിയാഴ്ചത്തെ നിർമൽ ലോട്ടറിക്ക് പകരം വരുന്ന സുവർണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമായിരിക്കും സ്ത്രീശക്തി, സുവർണ കേരളം, സമൃദ്ധി ലോട്ടറികൾക്ക് മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നല്‍കുമ്പോള്‍ ധനലക്ഷ്മി ലോട്ടറിക്ക് മൂന്നാം സമ്മാനമായി 20 ലക്ഷം രൂപയും നല്‍കും.
നിലവില്‍ ഓരോ ദിനവും 1.08 കോടി ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വില 50 രൂപയാക്കി ഉയർത്തിയതിനാല്‍ 96 ലക്ഷം ടിക്കറ്റേ അടിക്കൂ. തികയാതെ വരികയാണെങ്കില്‍ മാത്രമായിരിക്കും എണ്ണം കൂട്ടുക. മൊത്തം സമ്മാനങ്ങൾ 3 ലക്ഷത്തിൽ നിന്ന് 6.5 ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications