ഒരേസമയം രണ്ട് ഹൂറികളുമായി മധുവിധു ആഘോഷിക്കുകയാണ് വിജയന്‍ സഖാവ്; വിവാദ പരാമര്‍ശവുമായി കേസരി വാരിക
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്കുമെതിരെ ആര്‍ എസ് എസ് മുഖപത്രമായ കേസരി വാരിക. 'ചൈനക്കും മാതൃക വിജയന്‍ ഭരണം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയ്ക്കും കാന്തപുരത്തിനുമെതിരായ പരാമര്‍ശങ്ങളുള്ളത്. മാര്‍ച്ച് 18 നാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ചൈനക്ക് താലിബാന്‍ എന്നത് പോലെയാണ് പിണറായിക്ക് കാന്തപുരം എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. കോഴിക്കോട് മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് പിണറായിയും കാന്തപുരവും ഒരുമിച്ച് പങ്കെടുത്തതിന് പിന്നാലെയാണ് ആര്‍ എസ് എസിന്റെ വിമര്‍ശനം.
നവദമ്പതികളെ പോലെ പരസ്പരം കൈകോര്‍ത്ത്, ദാമ്പത്യത്തിന്റെ സ്വപ്നവുമായി മുഖ്യമന്ത്രി പിണറായി വിജയനും എ പി അബൂബക്കര്‍ മുസ്ല്യാരും കോഴിക്കോട്ട് മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തിന് പടികയറുമ്പോള്‍, ഇടതുപുരോഗമനക്കാരുടെ മുഖം അല്‍പം മങ്ങിയെങ്കിലും ചൈനയിലെ ആജീവനാന്ത സര്‍വാധിപതി ഷി ജിംഗ് പിന്നിന്റെ മനസ് കുളിര്‍ത്തുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.

മക്കളുടെ ദാമ്പത്യം പുഷ്‌കലമാകുമ്പോള്‍ കുളിര്‍ക്കുക രക്ഷിതാവിന്റെ ഹൃദയമാണല്ലോയെന്നും ലേഖനം ചോദിക്കുന്നു. വേഷത്തിലും മനസിലും താലിബാനുള്ള സുന്നി യാഥാസ്ഥിതിക മതപണ്ഡിതന്മാരെ കൂട്ടുപിടിക്കുന്ന വിജയന്‍ സഖാവിന്റെ ചുകപ്പന്‍ വിപ്ലവത്തിന് അഭിവാദ്യമര്‍പ്പിക്കാതെ പറ്റില്ലല്ലോയെന്നാണ് ലേഖനത്തില്‍ പറയുന്നത്. 2021 ജൂലായ് 18 ന് ബീജിങ്ങിന് അകലെയല്ലാത്ത തിയാന്‍ജിന്‍ എന്ന ചൈനീസ് തുറമുഖ നഗരത്തില്‍ വെച്ച് ചൈനയുടെ വിദേശകാര്യമന്ത്രിയും ദോഹയിലെ താലിബാന്‍ രാഷ്ട്രീയ കാര്യ തലവന്‍ മുള്ള അബ്ദുള്‍ ഗാനി ബരാദാറും വിശ്വസ്ത സുഹൃത്തുക്കളെ പോലെ ചര്‍ച്ച ചെയ്യുക മാത്രമല്ല പരസ്പരം കൈകോര്‍ത്ത് മധുവിധുവിലേക്ക് കടക്കുകയും ചെയ്തുവെന്ന് ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

ഇതിന് ശേഷം താലിബാന്‍കാര്‍ താല്പര്യപൂര്‍വ്വം കമ്മ്യൂണിസത്തെക്കുറിച്ചു പഠിക്കുകയാണെന്നാണ് ഹിന്ദു പത്രത്തിലെ രണ്ടു പത്രക്കാര്‍ ചേര്‍ന്നെഴുതിയ ഒരു പുസ്തകത്തില്‍ പറയുന്നതെന്ന് ലേഖനം അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും നല്ല സുഹൃദ്ബന്ധമുള്ള അയല്‍ രാജ്യമായി താലിബാനെ കരുതുന്നു എന്നുമാണ് ചൈനയുടെ പുതിയ നിലപാട് എന്നും കേസരി ചൂണ്ടിക്കാട്ടുന്നു.

ചൈന താലിബാന്‍ എന്ന ഒരു ഹൂറിയുമായാണ് മധുവിധു ആഘോഷിക്കുന്നതെങ്കില്‍ കേരള മുഖ്യന്‍ വിജയന്‍ സഖാവ് ഒരേ സമയം ഇത്തരം രണ്ടു ഹൂറികളുമായാണ് മധുവിധു ആഘോഷിക്കുന്നത് എന്ന അധിക്ഷേപ പരാമര്‍ശവും ലേഖനത്തിലുണ്ട്. സമസ്ത സുന്നിയും എ പി സുന്നിയുമാണ് ഈ രണ്ട് ഹൂറിമാര്‍ എന്നാണ് ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഈ രണ്ട് ഹൂറിമാരും പരസ്പരം പോരടിക്കുന്നവരാണെന്നും ലേഖനം പരിഹസിക്കുന്നു. നേരത്തെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടു ചേര്‍ന്നതിന് കാന്തപുരം ഗ്രൂപ്പിനെ അരിവാള്‍ സുന്നിയെന്നു വിളിച്ച് കളിയാക്കിയവരാണ് സമസ്ത എന്ന പുതിയ ഹൂറി എന്നാണ് ലേഖനത്തില്‍ പറയുന്നത്.

മുസ്ലീം ലീഗ് നേതൃത്വവുമായി സൗന്ദര്യ പിണക്കത്തിലായ സമസ്തക്കാര്‍ വിജയന്‍ സഖാവിനോട് പരസ്യമായി അടുപ്പം കാണിക്കാന്‍ തുടങ്ങിയിട്ട് അധികം നാള്‍ ആയിട്ടില്ലെന്നും പുതിയ ഹൂറി വന്നപ്പോഴും പഴയ ഹൂറിയുടെ കയ്യും പിടിച്ച് സഖാവ് മധുവിധുവിന്റെ സ്മരണ പുതുക്കുന്ന കാഴ്ചയാണ് മര്‍ക്കസ് സ്‌കൂള്‍ ഉദ്ഘാടനത്തിന് കണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. ചൈന ദീര്‍ഘകാലം ഗവേഷണം നടത്തിയാണ് താലിബാനുമായി അടുത്തതെങ്കില്‍ അതൊന്നുമില്ലാതെ ആണ് വിജയന്‍ സഖാവ് കീരിയും പാമ്പുമായ രണ്ടു സുന്നികളെയും ഇടതും വലതും നിര്‍ത്തിയതെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications