
യുപി ഉപമുഖ്യമന്ത്രിമാർ: തോറ്റിട്ടും ബിജെപിക്ക് കൈവിടാനാവാത്ത മൗര്യ: ബ്രാഹ്മണ മുഖമായി പഥക്
ലഖ്നൌ: യുപിയില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ ഉപമുഖ്യമന്ത്രി പദവിയില്‍ ഇത്തവണയും നിയമിതരായത് രണ്ട് പേർ. കേശവ ചന്ദ്രപ്രസാദ് മൗര്യയും ബ്രിജേഷ് പഥക്കുമാണ് ഉപമുഖ്യമന്ത്രി പദിവയിലെത്തിയ രണ്ട് നേതാക്കള്‍. ഇതില്‍ കേശവ ചന്ദ്രപ്രസാദ് മൗര്യയുടെ നിയമനമാണ് ഏറെ ശ്രദ്ധേയമായത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ട നേതാവാണ് അദ്ദേഹം. മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മയ്ക്ക് സ്ഥാനം നഷ്ടമായപ്പോഴാണ് ബ്രാഹ്മണ വിഭാഗം നേതാവ് ബ്രിജേഷ് പഥക് രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മൗര്യയെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തുന്നത് സംബന്ധിച്ച് പാർട്ടി നേരത്തെ തന്നെ ധാരണയില്‍ എത്തിയിരുന്നു. ആർഎസ്എസ് അംഗവും അഭിഭാഷകനുമായ മൗര്യയും യോഗിയെപ്പോലെ തന്റെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താത്ത നേതാവാണ്. എന്നിരുന്നാലും, രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സമയത്ത് അദ്ദേഹം സ്വീകരിച്ച തീവ്രനിലപാടുകള്‍ എറെ വിവാദമായിരുന്നു. ദരിദ്ര കുടുംബത്തില്‍ പിറന്ന മൌര്യ കുട്ടിക്കാലത്ത് ഉപജീവനത്തിനായി ചായ വില്‍പ്പന നടത്തിയിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2002, 2007, 2012 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം ആദ്യ രണ്ട് ശ്രമങ്ങളിലും പരാജയം നേരിട്ടെങ്കിലും 2012 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ തന്നെ സിറാത്ത് തഹ്സീലില്‍ നിന്നം വിജയിച്ച് സഭയിലെത്തി. മണ്ഡലത്തില്‍ നിന്നുള്ള ആദ്യ ബി ജെ പി എംഎല്‍എയായിരുന്നു അദ്ദേഹം. 2002 ലെ ആദ്യ മത്സരത്തില്‍ ബന്ദയില്‍ നിന്നും സ്വതന്ത്രനായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചത്. 2014 ല്‍ അലഹബാദ് ജില്ലയിലെ ഫുൽപൂർ പാർലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള എംപി കൂടിയായിരുന്നു സംസ്ഥാനത്തെ ബി ജെ പിയുടെ ഒബിസി മുഖമായ അദ്ദേഹം. 2017 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കേശവ ചന്ദ്രപ്രസാദ് മൌര്യയുടെ നേതൃത്വത്തിലായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. പാർട്ടി വിജയിച്ചപ്പോള്‍ യോഗി മുഖ്യമന്ത്രിയും മൌര്യ ഉപമുഖ്യമന്ത്രിയും ആവുകയായിരുന്നു.

ഇത്തവണ സംസ്ഥാനത്ത് പാർട്ടി വീണ്ടും അധികാരത്തിലെത്തിയെങ്കിലും ബി ജെ പിയെ ഞെട്ടിച്ച പരാജയമായി മാറിയത് സിറാത്തുവില്‍ നിന്നുള്ള മൌര്യയുടെ പരാജയമായിരുന്നു. സമാജ്വാദി പാർട്ടിയുടെ സ്ഥാനാർത്ഥി പല്ലവി പട്ടേല്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു യുപി ഉപമുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തെ കയ്യൊഴിയാന്‍ പാർട്ടിക്ക് കഴിയില്ല എന്നതാണ് വീണ്ടും ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം വ്യക്തമാക്കുന്നത്. മുൻ യുപി മുഖ്യമന്ത്രിയും നിലവിലെ രാജസ്ഥാൻ ഗവർണറുമായ കല്യാൺ സിംഗിന് ശേഷം ഒബിസികൾക്കും ദലിതർക്കും ഇടയിൽ ഗണ്യമായ പിന്തുണയുള്ള ഏക ബിജെപി നേതാവ് കൂടിയാണ് മൗര്യ.

57 കാരനായ ബ്രിജേഷ് പഥക് ബി ജെ പിയുടെ ജനപ്രിയ ബ്രാഹ്മണ മുഖമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ലഖ്നൗ കാന്റ് മണ്ഡലത്തില്‍ നിന്നും 39,512 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തന്റെ തൊട്ടടുത്ത എതിരാളി സമാജ്വാദി പാർട്ടിയിലെ സുരേന്ദ്ര സിംഗ് ഗാന്ധിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സർക്കാറില്‍ ലെജിസ്ലേറ്റീവ്, ജസ്റ്റിസ്, റൂറൽ എഞ്ചിനീയറിംഗ് സർവീസ് കാബിനറ്റ് വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1964 ജൂൺ 25ന് ജനിച്ച അദ്ദേഹം 2004 മുതൽ 2009 വരെ ഉന്നാവോ മണ്ഡലത്തിലെ പാർലമെന്റ് അംഗമായിരുന്നു.

നേരത്തെ ബഹുജൻ സമാജ് പാർട്ടിയുടെ (2004) ഭാഗമായിരുന്നെങ്കിലും പിന്നീട് ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. 2017ലെ ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി ബി ജെ പി ടിക്കറ്റില്‍ എംഎൽഎയായി. 2019 ഓഗസ്റ്റ് 21-ന്, യോഗി ആദിത്യനാഥിന്റെ ആദ്യ കാബിനറ്റ് വിപുലീകരണത്തിന് ശേഷം, നിയമസഭ, നീതിന്യായ, റൂറൽ എഞ്ചിനീയറിംഗ് സേവന മന്ത്രിയായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.