കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെത് ദുരഭിമാനക്കൊല തന്നെ; ഇല്ലാതാക്കാന്‍ രണ്ടു കാരണങ്ങളെന്ന് നീനു!! നീനുവിന്റെ മൊഴി പുറത്ത്

  • By Desk
Google Oneindia Malayalam News

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിന്‍ പി ജോസഫിന്റെ മരണം ദുരഭിമാനക്കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കി ഭാര്യ നീനുവിന്റെ മൊഴി. കെവിന്റെ വീട്ടിലാണിപ്പോള്‍ നീനു കഴിയുന്നത്. കഴിഞ്ഞദിവസം അവര്‍ പോലീസില്‍ മൊഴി കൊടുത്തു. വീട്ടുകാരുടെ ക്രൂരതകള്‍ വ്യക്തമാക്കിയാണ് നീനുവിന്റെ മൊഴി. വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാന്‍ രണ്ടു കാരണങ്ങളുണ്ടെന്ന് നീനുവിന്റെ മൊഴിയില്‍ പറയുന്നു. അതിനിടെ കെവിന്റെത് മുങ്ങി മരണമാണെന്ന്് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. നീനുവിന്റെ അമ്മ രഹ്‌ന ബീവിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അവര്‍ ഒളിവിലാണ്. കെവിനെ തട്ടിക്കൊണ്ടുപോകുന്ന കാര്യം അറിയാമായിരുന്ന രഹ്നയെ ചിലപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണറിയുന്നത്. നീനുവിന്റെ മൊഴിയും കേസ് അന്വേഷണത്തിന്റെ പുതിയ വിവരങ്ങളും ഇങ്ങനെ.....

കെവിന്റെ ഒരു ഫോട്ടോ

കെവിന്റെ ഒരു ഫോട്ടോ

കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടില്‍ അറിയിച്ചത് നീനു തന്നെയാണ്. കെവിനെ നീനുവിന്റെ വീട്ടുകാര്‍ക്ക് ആദ്യം അറിയുമായിരുന്നില്ല. നീനുവിന്റെ കൈവശം കെവിന്റെ ഒരു ഫോട്ടോയുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് ലഭിച്ചു. ഫോട്ടോ വച്ച് അന്വേഷിച്ചാണ് കെവിനെ കുറിച്ചുള്ള വിവരങ്ങള്‍ വീട്ടുകാര്‍ കൂടുതല്‍ അറിഞ്ഞതെന്ന് നീനു പറയുന്നു.

രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങള്‍

കെവിന്റെ സാമ്പത്തിക ചുറ്റുപാട് നീനുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചിരുന്നു. സാധാരണ കുടുംബമായതിനാല്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല. ഇതാണ് കല്യാണത്തിന് എതിര്‍പ്പുണരാനുള്ള ആദ്യ കാരണം. മറ്റൊന്ന് ജാതിയാണ്. കെവിന്റെ ജാതിയെ ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിയെന്ന് നീനു പോലീസില്‍ മൊഴി നല്‍കി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍

സാമ്പത്തിക അവസ്ഥയും ജാതിയും ചൊല്ലി വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും പിന്മാറാത്തതായിരിക്കാം കൊലപാതകത്തിന് കാരണമെന്നും നീനു സംശയിക്കുന്നു. കെവിന്റെത് മുങ്ങിമരണമാണെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രാഥമിക റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തന്നെയാണ് ഇടക്കാല റിപ്പോര്‍ട്ടിലും പറയുന്നത്.

ലഭ്യമാകാത്ത റിപ്പോര്‍ട്ട്

ലഭ്യമാകാത്ത റിപ്പോര്‍ട്ട്

കെവിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് വൈകാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തട്ടികൊണ്ടുപോകവെ വാഹനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച കെവിന്‍ വെള്ളത്തില്‍ വീണിരിക്കാമെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി.

രണ്ടാംപ്രതിയുടെ മൊഴി തള്ളി നീനു

രണ്ടാംപ്രതിയുടെ മൊഴി തള്ളി നീനു

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ നീനുവിനെ അറിയിച്ചെന്ന് രണ്ടാംപ്രതി നിയാസ് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ നീനു ഇക്കാര്യം തള്ളി. തട്ടിക്കൊണ്ടുപോയ കാര്യം അറിയുന്നത് പോലീസ് സ്‌റ്റേഷനിലെത്തിയ ശേഷമാണെന്ന് നീനു മൊഴി നല്‍കി. സ്‌റ്റേഷനിലെത്തിയ ശേഷം കെവിന്റെ ബന്ധു അനീഷിന്റെ ഫോണില്‍ നിന്ന് നിയാസിനെ വിളിച്ചിരുന്നു.

നീനു ഫോണില്‍ പറഞ്ഞത്

നീനു ഫോണില്‍ പറഞ്ഞത്

വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും കെവിനെ വിട്ടയക്കണമെന്നും നീനു നിയാസിനോട് ഫോണില്‍ പറഞ്ഞു. അനീഷിന്റെ നിര്‍ദേശ പ്രകാരമാണ് നീനു ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ലാഘവത്തോടെയാണ് നിയാസ് പ്രതികരിച്ചതെന്ന് നീനു മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് പോലീസ് നീനുവിന്റെ അമ്മയെ തിരയുന്നത്. അവര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

രഹ്ന ബീവി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

രഹ്ന ബീവി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

നീനുവിന്റെ മാതാവ് രഹ്ന ബീവി മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടുപോകുന്ന കാര്യം രഹ്നക്ക് അറിയാമായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ രഹ്നയെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

സുരക്ഷിത കേന്ദ്രത്തില്‍

സുരക്ഷിത കേന്ദ്രത്തില്‍

ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലായ പശ്ചാത്തലത്തിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കണ്ണൂര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവര്‍ കീഴടങ്ങും മുമ്പ് രഹ്നയെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

തെന്മലയിലെ വീട്ടില്‍

തെന്മലയിലെ വീട്ടില്‍

കൊല്ലം പുനലൂരില്‍ തന്നെ രഹ്ന ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഈ ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്്. മുന്‍കൂര്‍ ജാമ്യം നേടുന്നതിന് മുമ്പ് തന്നെ ഇവരെ പിടികൂടാനാണ് പോലീസ് നീക്കം. തെന്മലയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി രഹ്നയെ കണ്ടത്.

പോലീസ് തീരുമാനം

പോലീസ് തീരുമാനം

രഹ്നയെ പിടിക്കാനുള്ള ശ്രമം തുടരുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഐജി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രഹ്നയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ത്താല്‍ മതിയെന്നാണ് പോലീസ് തീരുമാനം. പക്ഷേ, ഒളിവില്‍ പോയ പശ്ചാത്തലത്തില്‍ പോലീസ് നീക്കം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അവരെ ആദ്യം പിടികൂടാനും ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും പോലീസ് കരുതുന്നത്.

English summary
Kevin murder: Neenu's statement indicate two point to parents hate marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X