ചുംബന സമരത്തില്‍ നുഴഞ്ഞുകയറിയത് ആര്?
കൊച്ചി: സദാചാര പോലീസിനെതിരെ ആഹ്നാവം ചെയ്ത ചുംബന കൂട്ടായ്മയില്‍ ചില സ്ഥാപിത താത്പര്യക്കാര്‍ നുഴഞ്ഞുകയറിയതായി ആക്ഷേപം കിസ് ഓഫ് ലവ് കൂട്ടായ്മക്ക് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുള്ളത്.
കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമാണ് ഇപ്പോള്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷന് മുന്നില്‍ പോലീസുകാരുമായി പ്രശ്‌നമുണ്ടാക്കിയത് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരല്ലെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചുംബനക്കൂട്ടായ്മക്കെത്തിയ ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്. ഇതിന് പിന്നില്‍ ചില സംഘടനകളാണെന്നാണ് ആക്ഷേപം.
എന്നാല്‍ വ്യക്തമായ ഒരു സംഘടനാ സ്വഭാവത്തോടെയല്ല ചുംബന സമരം ആഹ്വാനം ചെയ്യപ്പെട്ടത്. ഈ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നും ആരും ആഹ്വാനം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ സംഘാടകര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആക്ഷേപം ദുരുദ്ദേശപരമാണെന്നും ആക്ഷേപമുണ്ട്.
മാവോയിസ്റ്റ് അനുകൂലികള്‍ സമരത്തിനെത്തിയിരുന്നു എന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോപണം. അവര്‍ അവരുടെ ആശയം പ്രചരിപ്പിക്കാന്‍ ചുംബനക്കൂട്ടായ്മയുടെ വേദി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പറയുന്നു.
തങ്ങളുടെ ഇടയില്‍ നുഴഞ്ഞ് കയറിയവരെ പോലീസ് തന്നെ അന്വേഷിച്ച് കണ്ടുപിടിക്കണം എന്നാണ് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ആരൊക്കെയാണ് കിസ്സ് ഓഫ് ലവിന്റെ പ്രവര്‍ത്തകര്‍ എന്ന് പോലും നിര്‍വ്വചിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications