ചുംബനസമരം തടയാന്‍ പിണറായി സേന?
ഇനി ചുംബനസമരം നടത്തിയാല്‍ ഹനുമാന്‍ സേനയല്ല തടയുക ഓര്‍ത്തോ. ഇനി ഞങ്ങളുടെ സേനയാ തടയുക. പിണറായി സേന. ചുംബിക്കേണ്ടവര്‍ വീട്ടില്‍ പോയി ചുംബിക്കുക - ഫേസ്ബുക്കില്‍ ഇങ്ങനെ ഒരു പോസ്റ്റ് കണ്ടവരെല്ലാം അന്തംവിട്ട് പോയിക്കാണും. ഇതെന്താണ് ഈ പിണറായി സേന. ഇന്നലെ വരെ ഇങ്ങനെ ഒരു സേനയെക്കുറിച്ച് കേട്ടിട്ടില്ലല്ലോ. ആരാണിവര്‍. ചുംബനസമരത്തിനെതിരെ പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ പോസ്റ്റ്.
ഫേസ്ബുക്കില്‍ ഡി വൈ എഫ് ഐ കൂരാട് യൂണിറ്റിന്റെ പേരിലാണ് മേല്‍പ്പറഞ്ഞ പോസ്റ്റ് ഇറങ്ങിയത്. പോസ്റ്റ് ഉടന്‍തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സുലഭം. ചുംബനസമരത്തിനെതിരെ പ്രസ്താവന നടത്തിയ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗത്തില്‍ ആവേശം കൊണ്ട് ഏതോ സഖാക്കള്‍ ഡി വൈ എഫ് ഐ കൂരാടിന്റെ പേജില്‍ പോസ്റ്റ് ചെയ്തതായിരിക്കണം മേപ്പടി വാക്കുകള്‍.

ഡി വൈ എഫ് ഐയുടെ പേരില്‍ ആരോ ശത്രുക്കള്‍ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടാണ് എന്നും ആരോപണമുണ്ട്. എന്നാല്‍ ഒരുപാട് കാലമായി സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും ആശയങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന പേജാണ് ഡി വൈ എഫ് ഐ കൂരാട്. ഡി വൈ എഫ് ഐ മൂച്ചിക്കല്‍, ഡി വൈ എഫ് ഐ അരീക്കോട്, ഡി വൈ എഫ് ഐ കൊട്ടേപ്പാടം തുടങ്ങിയ പേജുകളും ഡി വൈ എഫ് ഐ കൂരാടിന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ കാണാം.
ഡി വൈ എഫ് ഐ കൂരാട് വ്യാജ അക്കൗണ്ടല്ല എന്നത് വ്യക്തമായതോടെ ഏതോ പിള്ളേര്‍ തമാശയ്ക്ക് പറഞ്ഞ കാര്യം ഇത്ര ചര്‍ച്ച ചെയ്യാനുണ്ടോ എന്ന മട്ടിലെത്തിയിട്ടുണ്ട് ഫേസ്ബുക്ക് സഖാക്കള്‍. പിണറായി സേനയ്ക്ക് പാര്‍ട്ടി അനുമതിയില്ല എന്നും ഇവര്‍ പറയുന്നുണ്ട്. വയനാടും കാസര്‍കോടും ചുംബന സമരം നടക്കുമ്പോള്‍ ഹനുമാന്‍ സേനയ്ക്കും ശിവസേനയ്ക്കും ഒപ്പം പിണറായി സേനയും തടയാന്‍ ഉണ്ടാകുമോ എന്നാണ് ആളുകളുടെ സംശയം.












Click it and Unblock the Notifications