കേരളം വിട്ടത് സഹികെട്ടിട്ടെന്ന് കിറ്റെക്സ് എംഡി; സര്‍ക്കാരിനും പി. രാജീവിനും രുക്ഷവിമര്‍ശനം
കൊച്ചി: സംസ്ഥാന സര്‍ക്കാരിനും വ്യവസായ മന്ത്രിക്കും എതിരേ രൂക്ഷ വിമര്‍ശനവുമായി കിറ്റക്സ് എംഡി സാബു ജേക്കബ്. ഒരിടവേളയ്ക്കു ശേഷമാണ് സാബു ജേക്കബും സര്‍ക്കാരും നേര്‍ക്കുനേര്‍ വരുന്നത്. രാജീവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സാബു ജേക്കബ് രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും ഉദ്യോഗസ്ഥരും എല്ലാവരും കൂടി ഒന്നിച്ചുനിന്ന് കിറ്റക്സിനെ ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു.
സാബു ജേക്കബിന്റെ വാക്കുകള്‍: ഒരു ചെറിയ നിയമലംഘനം പോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. സഹികെട്ടാണ് അന്ന് 3500 കോടി രൂപ കേരളത്തില്‍ നിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവാണ്. കേരളം ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനമാണ്. അത് ആരുടെയും പിതൃസ്വത്തല്ല. അതാണ് മനസിലാക്കേണ്ടത്. രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണെന്ന്.

മനഃസമാധാനം കിട്ടാന്‍ അവനവന്‍ തന്നെ വിചാരിക്കണമെന്ന മന്ത്രി രാജീവിന്റെ പ്രതികരണത്തിനും സാബു മറുപടി പറഞ്ഞു. 'മനഃസമാധാനം കിട്ടണമെങ്കില്‍ ഞാന്‍ വിചാരിക്കണം എന്ന് പറയുന്നതിന് വലിയൊരു അര്‍ഥമുണ്ട്. വേണ്ടപ്പെട്ടവരെ വേണ്ട പോലെ കണ്ടാല്‍ എനിക്ക് മനഃസമാധാനം ഉറപ്പാണ്. അത് എനിക്കും അറിയാം. അങ്ങനെ ഒരു മനഃസമാധാനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതിന് ആരുടെയും ഔദാര്യം എനിക്ക് ആവശ്യമില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ചുണ്ടാക്കിയ സ്വത്താണത്. അത് എപ്പോള്‍ നിര്‍ത്തണം എപ്പോള്‍ പോകണം എന്ന് ഞാന്‍ തീരുമാനിക്കും'.
ഇടതു മുന്നണി സംസ്ഥാനതലത്തില്‍ തന്നെ ഈ പ്രസ്ഥാനങ്ങളെ അടച്ചുപൂട്ടാന്‍ സമരം നടത്തി. 565 ദിവസമാണ് സമരം നടത്തിയത്. അവസാനം ഹൈക്കോടതിയുടെ കര്‍ശനമായ നിര്‍ദേശമനുസരിച്ച് സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയാണുണ്ടായതെന്നും സാബു ജേക്കബ് പറഞ്ഞു.
2021-ല്‍ കേരള സര്‍ക്കാരില്‍നിന്ന് ഒരുപാട് ഉപദ്രവങ്ങള്‍ കിറ്റക്സിന് നേരിടേണ്ടിവന്നിരുന്നെന്ന് ശനിയാഴ്ച സാബു ജേക്കബ് ആരോപിച്ചിരുന്നു. അതേത്തുടര്‍ന്നാണ് കേരളത്തില്‍ നിക്ഷേപിക്കാനിരുന്ന 3500 കോടിരൂപ മറ്റെവിടെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചത്.
ആന്ധ്രപ്രദേശില്‍ നിക്ഷേപം നടത്തണമെന്നുള്ള അവിടുത്തെ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാബുവിന്റേത് രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ പ്രതികരണമാണെന്നും വ്യവസായിയുടേത് അല്ലെന്നുമായിരുന്നു പി. രാജീവിന്റെ വിമര്‍ശനം മന്ത്രി പറഞ്ഞു. വിദേശ നിക്ഷേപത്തില്‍ കേരളം ഒന്നാമതാണ്. ആന്ധ്രപ്രദേശിനെയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.
കേരളം വിടുന്നു എന്ന് പറഞ്ഞവര്‍ ഇതുവരെ പോയിട്ടില്ല. അവരുടെ വ്യവസായത്തിന് ഒരു തടസവും നേരിട്ടില്ല. മനഃസമാധനം ഉണ്ടാകണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. കേരളം പല കാര്യങ്ങളിലും ആന്ധ്രയെക്കാള്‍ മുന്നിലാണ്. കിറ്റക്‌സ് ഇത്രയും വളര്‍ന്നത് കേരളത്തിന്റെ മണ്ണിലാണ്. ചന്ദ്രബാബു നായിഡുപോലും കേരളത്തെ പ്രശംസിച്ച് സംസാരിച്ചത് നമുക്ക് മുന്നിലുണ്ടെന്നും രാജീവ് പറഞ്ഞു.
ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചതു മുതലാണ് സിപിഎം നേതൃത്വവും സാബു ജേക്കബും തമ്മിലുള്ള പോര് തുടങ്ങിയത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് അവിടുത്തെ ജനങ്ങളെ സര്‍ക്കാരിെനതിരേ തിരിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സിപിഎം ആരോപിക്കുന്നത്.












Click it and Unblock the Notifications