ക്രിസ്മസ് രാത്രിയിലെ സംഘര്‍ഷം: അറസ്റ്റിലായ 123 തൊഴിലാളികളെ കിറ്റെക്‌സ് തിരിച്ചെടുക്കും
കിഴക്കമ്പലം: കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് രാത്രിയിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ കിറ്റെക്‌സ് തിരിച്ചെടുക്കും. മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് തന്നെയാണ് ഇവരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തടസങ്ങളില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതില്‍ ജാമ്യം ലഭിച്ച 123 പേര്‍ക്കെതിരെയുള്ളത് ഗുരുതരമല്ലാത്ത വകുപ്പുകളാണ്. തിരികെ ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 2000, അവരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായമായി നല്‍കുമെന്നും താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും കമ്പനിയൊരുക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. 2021 ഡിസംബര്‍ 25ന് നടന്ന അക്രമ സംഭവത്തില്‍ നിരപരാധികളായ തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു സാബു എം ജേക്കബ് നേരത്തെ തന്നെ പറഞ്ഞിരുന്നത്.

ഇക്കാര്യം കോടതിക്ക് കൂടി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 123 തൊഴിലാളികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. ക്രിസ്മസ് രാത്രിയിലായിരുന്നു കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ സംഘര്‍ഷം സൃഷ്ടിക്കുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് കുറ്റപത്രം രണ്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്ത കേസില്‍ 175 പേര്‍ക്കെതിരെ മറ്റൊരു കുറ്റപത്രവും സമര്‍പ്പിച്ചു.

കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നും എ ഡി ജി പി വിജയ് സാഖറെ പറഞ്ഞിരുന്നു. പിടിയിലായ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഉത്തരേന്ത്യയിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. കോലഞ്ചേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രണ്ടു കേസുകളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് വാഹനം നശിപ്പിച്ചെന്ന കേസില്‍ 175 പേരും കുന്നത്തുനാട് സി ഐ വി ടി ഷാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 51 പേരുമാണ് പ്രതികള്‍.

അതിഥിത്തൊഴിലാളികള്‍ താമസിച്ച കെട്ടിട വളപ്പില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ കലഹം വന്‍ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ അക്രമികള്‍ പൊലീസിന് നേരെ തിരിയുകയും പൊലീസ് ജീപ്പ് കത്തിക്കുകയുമായിരുന്നു. ആലുവ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കിയത്. അതേസമയം പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയായിരുന്നു കിറ്റക്‌സ് എം ഡി സാബു എം ജേക്കബ് സംസാരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത 164 പേരില്‍ വെറും 13 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികളെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

പൊലീസ് കസ്റ്റഡിയിലെടുത്ത 164 പേരില്‍ 12 പേരെ തങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 12 ലൈന്‍ ക്വാര്‍ട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കി ഇതര സംസ്ഥാനത്തില്‍ നിന്നുള്ളവരാണ്. 12 ക്വാര്‍ട്ടേഴ്സുകളില്‍ മൂന്നെണ്ണത്തില്‍ നിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10, 11, 12 നമ്പര്‍ ക്വാര്‍ട്ടേഴ്സുകളില്‍ നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തതെന്നും മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രം ബസില്‍ കയറ്റികൊണ്ടുപോയതെന്തിനാണെന്നും സാബു ചോദിച്ചിരുന്നു.












Click it and Unblock the Notifications