കെ കെ മഹേശന്റെ ആത്മഹത്യാ; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
ആലപ്പുഴ: കണിച്ചികുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജുഡാഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. മാരാരിക്കുളം പൊലീസിനോട് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. മഹേശന്റെ ഭാര്യ ഉഷാ ദേവിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
ജൂണ്‍ 20നാണ് കെകെ മഹേശന് കണച്ചിക്കുളങ്ങരയിലെ യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം വെള്ളാപ്പളളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും സഹായി അശോകനെതിരെയും രംഗത്തെത്തിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്ത് കളിക്കുന്നുവെന്നും മഹേശന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന് ആരോപണങ്ങള്‍ നിഷേധിച്ചു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താതെ ആരോപണവിധേരുമായി ഒത്തുകളിക്കുന്നുവെന്ന് കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസിനെതിരെ മഹേശന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബം ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ ഉഷാ ദ്വി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഈ ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശന്, കെഎല്‍ അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മാരാരിക്കുളം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.