കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾ വീണുപോയാൽ വിജയിക്കുന്നത് നിങ്ങളുടെ ജീവിതം തകർത്തവർ തന്നെയാണ്... ബീനയ്ക്ക് പിന്തുണയുമായി രമ

Google Oneindia Malayalam News

കൊച്ചി: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിന് പിന്നാലെ നടക്കുന്ന അപവാദപ്രചാരണത്തിൽ സാജന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി ആർഎംപി നേതാവ് കെകെ രമ. ഇത്തരമൊരു വ്യക്തിഹത്യയിലൂടെ നിങ്ങളുടെ മനസ്സാന്നിദ്ധ്യം തകർത്ത് കേസ് ദുർബലപ്പെടുത്തി സ്വന്തം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണിതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെകെ രമ പറയുന്നു. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി മുന്നോട്ടുപോയ തനിക്കും സമാന അനുഭവങ്ങളാണുണ്ടായതെന്നും കെകെ രമ പറയുന്നു.

മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ??മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ??

സാജന്റെ ആത്മഹത്യക്കു കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലും സമാനസ്വഭാവത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരേ സാജന്റെ ഭാര്യ ബീനയും മക്കളും ബന്ധുക്കളും രംഗത്തെത്തുകയും പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബീനയ്ക്ക് പിന്തുണയുമായി കെകെ രമ രംഗത്ത് എത്തിയത്.

തുറന്ന കത്ത്

തുറന്ന കത്ത്

കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: പ്രിയ സഹോദരി ആന്തൂരിലെ ബീനയ്ക്ക്. താങ്കളും മക്കളും ചേർന്ന് നടത്തിയ പത്രസമ്മേളനം ഉറക്കം നഷ്ടപ്പെടുത്തിയ ഒരു രാത്രിയിലാണ് ഞാനീ കത്തെഴുതുന്നത് . ഒരു കാലത്ത് വിശ്വസിച്ചിരുന്ന സിപിഎം ഇപ്പോൾ വേട്ടയാടുകയാണെന്നും താനും മക്കളും കൂടി ഇല്ലാതാവേണ്ട അവസ്ഥയാണെന്നും പറയുമ്പോൾ ഞെട്ടലോടെ കേൾക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാളെന്ന നിലയിലാണ് ഞാനിതെഴുതുന്നത് . എത്രമേൽ വെല്ലുവിളികൾ നേരിടേണ്ടി വന്നാലും ധൈര്യമായിരിക്കണം . തളർന്നു പോവരുത് . താങ്കളിപ്പോൾ അനുഭവിക്കുന്ന താങ്ങാനാവാത്ത ദു:ഖവും ഏകാന്തതയും അപമാനഭാരവും എനിക്ക് മനസ്സിലാക്കാനാവും . ഒരു പക്ഷേ, മറ്റാരേക്കാളും . പ്രാണനായവന്റെ വേർപാട് മാത്രമല്ല സഹോദരീ ,നമ്മെ ഒരുമിച്ചു നിർത്തുന്നത് . ആരുടെ ചെയ്തികളാലാണോ നമുക്കിരുവർക്കുമീ ദുരന്തമുണ്ടായത് , അതിനു ശേഷവും അപവാദങ്ങളാലും നുണകളാലുമവർ നമ്മെ വേട്ടയാടുന്നു എന്നതാണ് , നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളെപ്പോലും അപമാനിക്കുന്നു എന്നതാണ് നമ്മെ ഒന്നിപ്പിക്കുന്നത് .

വേട്ടയാടുന്നു

വേട്ടയാടുന്നു

എന്റെ പ്രിയസഖാവ് ചന്ദ്രശേഖരനെ അരുംകൊല ചെയ്ത ശേഷം പൊതുസമൂഹത്തിൽ നിന്നു നേരിട്ട ചോദ്യങ്ങൾ മറികടക്കാൻ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പോലും അപവാദ പ്രചരണങ്ങൾ കൊണ്ട് കടന്നാക്രമിക്കുകയായിരുന്നല്ലോ സിപിഎം നേതൃത്വം. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ശേഷം വീട്ടിലൊതുങ്ങാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോയി എന്നതാണ് ഞാൻ ചെയ്ത കുറ്റം . അതിന്റെ പേരിൽ നിരന്തരമായ തെറി വിളികളും ഭീഷണിയും അധിക്ഷേപങ്ങളുമാണ് CPM ന്റെ സൈബർ കൊടിസുനിമാരിൽ നിന്നും ഞാനേറ്റു വാങ്ങുന്നത് . അതെല്ലാമീ നാട് കാണുന്നുണ്ട് . ഞാനത് വിശദീകരിക്കുന്നില്ല

 അപവാദ പ്രചാരണങ്ങൾ

അപവാദ പ്രചാരണങ്ങൾ

പ്രിയപ്പെട്ടവന്റെ വേർപാടിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ബീനയെക്കുറിച്ച് യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഇവർ അപവാദം പ്രചരിപ്പിക്കുന്നത് . സി പി എമ്മിന്റെ ഔദ്യോഗിക പത്രമായ ദേശാഭിമാനി നേരിട്ടാണ് ഈ അപവാദ പ്രചരണത്തിന് നേതൃത്വം നൽകുന്നത് . സാജന്റെ വീട്ടിലെ ഫോണിൽ നിരന്തരമായി വിളിക്കുന്ന ഡ്രൈവറായ യുവാവാണ് , ആ ഫോൺ കോളുകളാണ് ഈ ദാരുണ സംഭവത്തിനു പിറകിലെന്ന് പച്ചക്കള്ളമെഴുതിവിടുന്ന ദേശാഭിമാനി ലേഖകൻ ഒരു മഞ്ഞപ്പത്ര നിലവാരത്തിലേക്കാണ് താഴ്ന്നത് . എണ്ണമറ്റ നിസ്വാർത്ഥ വിപ്ലവകാരികളുടെ വിയർപ്പും ചോരയും കൊണ്ട് പടുത്തുയർത്തിയ ദേശാഭിമാനിയുടെ മാദ്ധ്യമ പാരമ്പര്യത്തെക്കൂടിയാണയാൾ അപമാനിക്കുന്നത് . അത്യന്തം ദു:ഖകരമാണത്. സ്ത്രീവിരുദ്ധം മാത്രമല്ല , മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് ഈ വാർത്ത . ദേശാഭിമാനി വാർത്തയെത്തുടർന്ന് അതിനേക്കാൾ വഷളായ രീതിയിൽ 'നെല്ല്' എന്ന ഓൺലൈൻ പോർട്ടൽ ഈ ആക്രമണം സൈബറിടത്തിൽ കൂടി വ്യാപിപ്പിച്ചത് . ടിപി ചന്ദ്രശേഖരന്റെ വ്യക്തിത്വത്തെക്കുറിച്ചും കേട്ടാലറയ്ക്കുന്ന നുണകൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു അക്കാലത്ത് നെല്ല് . ഈ രണ്ടു വാർത്തകളേയും മുൻനിർത്തി CPM അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും ബീനയെ ആക്രമിക്കുന്നത്.

പൊതു സമൂഹം പ്രതികരിക്കണം

പൊതു സമൂഹം പ്രതികരിക്കണം

സി പി എമ്മിനെ പിന്തുണയ്ക്കുന്ന വനിതാ പൊതുപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറാവണം . ഇവർ പ്രചരിപ്പിക്കും പോലെ ഭാര്യയുടെ സ്വഭാവത്തിലെ പ്രശ്നങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെങ്കിൽ ആ പ്രശ്നത്തിന് പരിഹാരം കാണാനാണോ അദ്ദേഹം നിരന്തരം CPM സംസ്ഥാന /ജില്ലാ നേതാക്കന്മാരെ സമീപിച്ചിരുന്നത് ? തദ്ദേശഭരണ വകുപ്പിന്റെ ശ്രദ്ധയിലും MLA ആയ ജയിംസ് മാത്യുവിന്റെ ശ്രദ്ധയിലും അയാൾ കൊണ്ടുവരാൻ ശ്രമിച്ച പ്രശ്നമെന്താണ് ? സാജന്റെ ഭാര്യയെ നിയന്ത്രിക്കുന്നതിലാണോ തദ്ദേശഭരണ സമിതിക്ക് വീഴ്ചപറ്റി എന്ന് ഇവരുടെ കമ്മിറ്റികൾ കണ്ടെത്തിയത് ?

ബീനയ്ക്കൊപ്പം

പ്രിയ സഹോദരീ, ഇത്തരമൊരു വ്യക്തിഹത്യയിലൂടെ നിങ്ങളുടെ മനസ്സാന്നിദ്ധ്യം തകർത്ത് കേസ് ദുർബലപ്പെടുത്തി സ്വന്തം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള ഗൂഢാലോചനയാണിത് . തളരരുത് . സാജന് നീതി കിട്ടണം . നിങ്ങൾ മാത്രം ആശ്രയമായ ആ കുഞ്ഞുങ്ങൾക്ക് കരുത്തും തണലുമാവണം . അതിനിടയിൽ നിങ്ങൾ വീണുപോയാൽ വിജയിക്കുന്നത് നിങ്ങളുടെ ജീവിതം തകർത്തവർ തന്നെയാണ് . താങ്കളെ ആത്മാഹുതിയുടെ മൗനത്തിലേക്ക് തള്ളി വിട്ട് സ്വസ്ഥമായി വാഴാമെന്ന് വ്യാമോഹിക്കുന്നവർക്കു മുന്നിൽ ജീവിക്കാനുള്ള ധീരത കൈവിടരുത് . അക്കാര്യത്തിൽ ജനാധിപത്യ കേരളം ബീനയ്ക്കൊപ്പമുണ്ട് എന്നെഴുതിയാണ് കെകെ രമ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
KK Rama facebook post agaisnt CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X