'ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല, ചേന കട്ടവനെക്കുറിച്ച് നാണക്കേടും ദുഷ്പേരും'; കെകെ രമ
കോഴിക്കോട്: പാലക്കയം അഴിമതി സംഭവത്തിൽ രൂക്ഷവിമർശനം ഉയർത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംഎൽഎ കെ കെ രമ. അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയാണ് അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് ഗീർവ്വാണ പ്രസംഗം നടത്തുന്നതെന്ന് രമ കുറ്റപ്പെടുത്തി. ഓഖി ഫണ്ട് തട്ടിപ്പ്, സ്‌പ്രിംഗ്ളർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, എഐ ക്യാമറ അഴിമതി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു രമയുടെ വിമർശനം.
എം എൽ എയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-" ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുമ്പോൾ
കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേട്ടു. ശരിയാണ്. അഴിമതിക്കാർ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരൻ ശിക്ഷിക്കപ്പെടണം. അയാൾക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കിൽ അവരും നിയമത്തിന്റെ മുന്നിലെത്തണം.

പക്ഷേ ഈ ദുഷ്പേരിൽ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.എ.എസുകാരനുമായ എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്.
ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്പ്പേരും.! പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ!.
ഓഖി ഫണ്ട് തട്ടിപ്പ്, സ്‌പ്രിംഗ്ളർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, കൊറോണയുടെ മറവിൽ മാസ്‌കിലും മരുന്നിലും പി.പി കിറ്റുകളിൽ പോലും നടന്ന തട്ടിപ്പുകൾ, എ.ഐ ക്യാമറ ഇടപാടഴിമതി. ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെ', എം എൽ എ പറഞ്ഞു.
പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിൽ നിന്ന് ലക്ഷങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തിലായിരുന്നു ഇന്ന് മുഖ്യമന്ത്രി കടുത്ത വിമർശനം ഉയർത്തിയത്. അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തവർ വരെ സർവീസിലുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications