കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി രാജിവെക്കാതെ മുഖ്യമന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു', തിരഞ്ഞെടുപ്പിന് മുൻപ് കെകെ രമ

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനായി തിങ്കളാഴ്ച ഉത്തര കേരളം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. കൊവിഡ് കാലത്തും തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. കോഴിക്കോട് അടക്കമുളള ജില്ലകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ്.

അതിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആർഎംപി നേതാവ് കെകെ രമ രംഗത്ത് എത്തി. വിശ്വാസങ്ങളെ ചതിച്ചവരോടും, സ്വപ്നങ്ങളെ ഒറ്റിയവരോടുമുള്ള നിശിതമായ കണക്കുചോദിക്കലാണ് ആത്മാഭിമാനികളായ ഓരോ മലയാളിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് കെകെ രമ പ്രതികരിച്ചു.

ഈ തെരഞ്ഞെടുപ്പിന്‍റെ വലിയ പ്രാധാന്യം

ഈ തെരഞ്ഞെടുപ്പിന്‍റെ വലിയ പ്രാധാന്യം

കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' തൃതല പഞ്ചായത്തുകളുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അവസാന ഘട്ട പോളിംഗിന് ബൂത്തുകളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കേരളം. ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായ മികവുറ്റ വോട്ടിംഗ് ഈ തെരഞ്ഞെടുപ്പിന്‍റെ വലിയ പ്രാധാന്യം ജനങ്ങള്‍ ഉള്‍ക്കൊണ്ടു എന്നു തന്നെയാണ് തെളിയിക്കുന്നത്. തീര്‍ച്ചയായും മൂന്നാം ഘട്ടത്തിലും ആവേശകരമായ ജനകീയ പങ്കാളിത്തം ഉറപ്പാണ്.

കടുത്ത ജനകീയ പ്രതിഷേധം

കടുത്ത ജനകീയ പ്രതിഷേധം

ജനവഞ്ചനയിലും ജനവിരുദ്ധതയിലും സര്‍വ്വകാല റെക്കോഡിട്ട ഭരണക്കാര്‍ക്കെതിരെ കക്ഷിഭേദവും ഗ്രാമനഗര വ്യത്യാസവുമില്ലാതെ അലയടിക്കുന്ന കടുത്ത ജനകീയ പ്രതിഷേധമാണ് ഈ കൊവിഡ് കാലത്തും നമ്മുടെ പോളിംഗ് ബൂത്തുകള്‍ക്ക് പുറത്ത് ജനങ്ങളുടെ നീണ്ട ക്യൂ സൃഷ്ടിക്കുന്നതെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കള്ളക്കടത്തുകാരുടേയും കള്ളപ്പണമിടപാടുകളുടേയും കമ്മീഷന്‍-കണ്‍സല്‍ട്ടന്‍സി തട്ടിപ്പുസംഘങ്ങളുടേയും അധോലോക കേന്ദ്രമായി സംസ്ഥാന മുഖ്യമന്ത്രിയുടെ ആപ്പീസ് തന്നെ മാറിത്തീര്‍ന്ന അപമാനകരമായ അനുഭവത്തെ മുന്‍നിര്‍ത്തിയാണ് കേരളം പോളിംഗിലേക്ക് പോകുന്നത്.

മുഖ്യമന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു

മുഖ്യമന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കിടക്കുന്നു, മുഖ്യമന്ത്രിയുടെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്ന അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡി-യുടെ ചോദ്യം ചെയ്യല്‍ നോട്ടീസ് കിട്ടിയിരിക്കുന്നു. എന്നിട്ടും രാജിവെച്ചൊഴിയാതെ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. അഴിമതി സംസ്ഥാനത്തെ ഒരു ഭരണവ്യവസ്ഥയായി തീര്‍ന്നിരിക്കുന്നു., അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വഴിവിട്ട് സംരക്ഷിക്കുന്ന സര്‍ക്കാര്‍ നീതിമാന്‍മാരായ ഉദ്യോഗസ്ഥരെ വേട്ടയാടി പുറത്താക്കുകയാണ്.

നാലരക്കോടി കമ്മീഷനടിച്ചു

നാലരക്കോടി കമ്മീഷനടിച്ചു

സ്പ്രിംഗ്ളറും, പമ്പാ മണല്‍ കടത്തും ബ്രൂവറിയും ബെവ്ക്യൂവും ഇ-ബസും കെ-ഫോണുമെല്ലാം ഭരണത്തിലെ ഉന്നതര്‍ക്കും അവരുടെ ഉറ്റവര്‍ക്കും കോടികള്‍ കൊയ്യാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയായിരുന്നുവെന്ന് പകല്‍പോലെ തെളിയിക്കപ്പെട്ടിരിക്കുന്നു. ലൈഫ് പദ്ധതിയില്‍ പാവങ്ങള്‍ക്ക് വീട് വെക്കാന്‍ ലഭിച്ച 20 കോടിയുടെ സംഭാവനയില്‍ നിന്ന് നാലരക്കോടി കമ്മീഷനടിച്ചത് മുഖ്യമന്ത്രിയുടെ ആപ്പീസിലെ ഉന്നതരുടെ അറിവിലും ആസൂത്രണത്തിലുമാണെന്ന് വ്യക്തമായിരിക്കുകയാണ്. ദുരന്തബാധിതര്‍ക്കായി സുമനസ്സുകള്‍ കൈയ്യയച്ച് നല്‍കിയ പ്രളയഫണ്ടില്‍ നിന്നുവരെ കൈയ്യിട്ടുവാരിയവരുടെ നാണംകെട്ട ഭരണമാണിത്.

വെള്ളരിക്കാപ്പട്ടണമായി കേരളം മാറി

വെള്ളരിക്കാപ്പട്ടണമായി കേരളം മാറി

യോഗ്യതയും കഴിവുമുള്ള ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ ഒരു തൊഴിലെന്ന സ്വപ്നവുമായി അലയുന്ന നാട്ടില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി സ്വപ്നയെ പോലുള്ള ഭരണക്കാരുടെ സ്വന്തക്കാര്‍ മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്ക് പോലുള്ള അതിപ്രധാന സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ മാസ ശമ്പളം പറ്റുന്ന വെള്ളരിക്കാപ്പട്ടണമായി കേരളം മാറിയിരിക്കുന്നു. ബന്ധുനിയമനവും സ്വന്തനിയമനവും അനധികൃത നിയമനവും എല്ലാ സീമകളും ലംഘിച്ച് സര്‍ക്കാര്‍ ഒത്താശയില്‍ അരങ്ങ് തകര്‍ക്കുകയാണ്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കി പാര്‍ട്ടി ഗുണ്ടകളെ പി എസ് സി റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരാക്കി വര്‍ഷങ്ങളായി ഒരു സര്‍ക്കാര്‍ ജോലിക്കായി കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴില്‍രഹിതരെ മണ്ടന്‍മാരാക്കിയ ഭരണമാണിത്.

കേരളത്തില്‍ വാര്‍ത്തയല്ലാതായിരിക്കുന്നു

കേരളത്തില്‍ വാര്‍ത്തയല്ലാതായിരിക്കുന്നു

വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഭീകര നിയമ പ്രയോഗങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമെല്ലാം കേരളത്തില്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. ഇവിടെ പൊലീസ് സ്റ്റേഷനുകള്‍ നിരപരാധികളുടെ കൊലയറയാവുന്നു., കുറ്റവാളികള്‍ക്ക് പൊലീസ് കുടപിടിക്കുന്നു. പെണ്‍വേട്ടക്കാര്‍ ഭരണക്കാരുടെ ഒത്താശയില്‍ നീതിയെ കൊന്നുതള്ളുന്നു. ഇത്രമേല്‍ ജീര്‍ണ്ണത ബാധിച്ച ഈ ഭരണത്തെ നേര്‍വഴിക്ക് നയിക്കാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ് കഞ്ചാവ് ഇടപാടിന്‍റെ കള്ളപ്പണക്കേസില്‍ കര്‍ണ്ണാടകയിലെ ജയിലില്‍ കിടക്കുന്നത്., എത്ര ദയനീയമായ ചിത്രമാണിത്!!

Recommended Video

cmsvideo
കോഴിക്കോട്ട്കാരെ ജാഗ്രതൈ ..ചെല്ലിപ്പൂവ് പറച്ചുനടരുത്..വൻ അപകടകാരി | Oneindia Malayalam
നിശിതമായ കണക്കു ചോദിക്കൽ

നിശിതമായ കണക്കു ചോദിക്കൽ

പാര്‍ട്ടിയിലേയും ഭരണത്തിലേയും ഉന്നതരുടെ സ്വന്തക്കാരും ബിനാമികളും അവിശുദ്ധ വഴികളില്‍ കൊയ്തുകൂട്ടിയ കോടികളുടെ അവിഹിത സമ്പാദ്യങ്ങളിലേക്ക് എന്‍ഫോഴ്‌സ്മെന്‍റ് അന്വേഷണം നീളുകയാണ്.ഈ ഭരണത്തെ വിശ്വസിച്ച ലക്ഷക്കണക്കിന് സാധാരണമനുഷ്യരും ഈ പാര്‍ട്ടിയെ നിരുപാധികം സ്നേഹിച്ച പതിനായിരക്കണക്കിന് പാര്‍ട്ടി സഖാക്കളും സമാനതകളില്ലാത്ത ഈ കൊടുംവഞ്ചനയില്‍ പൊള്ളിനില്‍ക്കുകയാണ്. തീര്‍ച്ചയായും നമ്മുടെ വിശ്വാസങ്ങളെ ചതിച്ചവരോടും, സ്വപ്നങ്ങളെ ഒറ്റിയവരോടുമുള്ള നിശിതമായ കണക്കു ചോദിക്കലാണ് ആത്മാഭിമാനികളായ ഓരോ മലയാളിക്കും ഈ തെരഞ്ഞെടുപ്പ്. വിട്ടുവീഴ്ച്ചയില്ലാത്ത ജനവിധി കൊണ്ട് ഈ നെറികേടുകളോട് നമുക്കൊരുമിച്ച് പകരം ചോദിക്കാം..''

English summary
KK Rama slams state government ahead of Local body election 3rd phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X