ഭാവന.. ഈ ഫീനിക്സ് പക്ഷിയുടെ ചിറകടി കൊടുങ്കാറ്റായി അടിച്ചതിന്‍റെ ഫലം; ഒരു സഹനവും പാഴാവില്ല: കെകെ രമ
കോഴിക്കോട്: മലയാള സിനിമ ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് കാരണം ഭാവനയെന്ന ഫീനിക്സ് പക്ഷിയുടെ ചിറകടിയുടെ ചലനം കൊടുങ്കാറ്റായ് അടിച്ചതിന്റെ ഫലമാണെന്ന് ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. ഫേസ്ബുക്കില്‍ പങ്കുവെച്ചകുറിപ്പില്‍ ഭാവനയുടെ ചിത്രവും കെകെ രമ ചേർത്തിട്ടുണ്ട്.
'ഒരു സ്ത്രീയും ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത, സ്വയം എരിഞ്ഞടങ്ങിപ്പോയേക്കാവുന്ന ദുരനുഭവങ്ങളുടെ ചാരത്തിൽ നിന്ന് ഉയർന്നുവന്ന ഈ ഫീനിക്സ് പക്ഷിയുടെ ചിറകടിയുടെ ചലനം കൊടുങ്കാറ്റായ് അടിച്ചതിന്റെ ഫലമാണ് ഇപ്പോൾ നാം കാണുന്നതെല്ലാം. ' കെകെ രമ കുറിച്ചു.

'ഏതു മഹായാനങ്ങളും ഒരു ചെറിയ കാൽവെപ്പിൽ നിന്നാരംഭിക്കുന്നു' എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. പക്ഷേ പ്രിയപ്പെട്ടവളെ നിന്റേത് ഒരു ചെറിയ കാൽവെയ്പായിരുന്നില്ല. ആ കാൽവെയ്പിന് നീ സംഭരിച്ച ഊർജ്ജത്തോളം വരില്ല, ഈ ചരിത്ര സന്ദർഭത്തിൻ്റെ മുഴുവൻ പ്രേരണ ബലവും. സ്വസ്ഥമെന്ന് ആരോ പഠിപ്പിച്ച ജീവിതത്തിനുവേണ്ടി മൗനം ശീലിക്കുന്ന സമൂഹത്തെയാകെയും സ്വയം മുഖം നോക്കാൻ പ്രേരിപ്പിച്ച കണ്ണാടിയായിരുന്നു നീ ചോദിച്ച ചോദ്യങ്ങളുടെ ആഴവും പരപ്പും.
അതേതുടർന്നുണ്ടായ ചലച്ചിത്ര പെൺകുട്ടായ്മയുടെ സമർപ്പിത സന്നദ്ധതയും കേരളത്തിലെ ജനാധിപത്യ മനസ്സാക്ഷിയുടെ സമരോർജ്ജവും ചേർന്നാണ് ഇന്നീ കാണുന്ന നീതി വിചാരത്തിന്റെ വലിയ തുറവി ഉണ്ടായത്. ഒരു സഹനവും പാഴാവില്ല. പ്രിയപ്പെട്ടവളേ, നിനക്ക് ഒരായിരം ഹൃദയാഭിവാദ്യങ്ങൾ - എന്നും കെകെ രമ കുറിച്ചു.
അതോടൊപ്പം തന്നെ, ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് ചലച്ചിത്ര മേഖലയിലെ വിവേചനങ്ങളെക്കുറിച്ചും ലൈംഗിക പീഡനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കാൻ ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് കൈവന്നിരിക്കുന്ന ആത്മവിശ്വാസവും ധൈര്യവും ചെറുതല്ലെന്നും കെകെ രമ അഭിപ്രയാപ്പെട്ടു.
ആ റിപ്പോർട്ട് ഉണ്ടാക്കിയ സംവാദങ്ങളുടെ വെളിച്ചത്തിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെക്കുറിച്ചും താരസംഘടനയായ എ എം എം എ യുടെ ജനറൽ സെക്രട്ടറി സിദ്ദിഖിനെക്കുറിച്ചും രണ്ടു നടിമാർ വെളിപ്പെടുത്തലുകൾ നടത്തിയത്. അവർക്ക് രണ്ടുപേർക്കും സ്ഥാനമൊഴിയേണ്ടി വന്നിരിക്കുന്നു. പോരാട്ടത്തിന് ഇറങ്ങുന്ന സ്ത്രീകൾ ചരിത്രം രചിക്കുന്ന ശുഭാപ്തി വിശ്വാസത്തിന്റെ കാഴ്ചയാണിത്.
ചലച്ചിത്ര മേഖലയിൽ തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാൻ തുടക്കം മുതൽ ധൈര്യം കാണിച്ച നിരവധി കലാകാരികളെ തങ്ങളുടെ ശക്തിയും സ്വാധീനവും ഉപയോഗിച്ചുകൊണ്ട് ഒതുക്കുകയും അവർക്ക് അവസരം നിഷേധിക്കുകയും ചെയ്ത് ഇൻഡസ്ട്രി അടക്കിവാണ ആണധികാരത്തിൻ്റെ തകർച്ച ആരംഭിച്ചു കഴിഞ്ഞു. ഒരു സഹനവും പാഴാവുന്നില്ല, ഈ പോരാട്ടത്തിൽ അണിനിരന്ന മുഴുവൻ സ്ത്രീകൾക്കും ഹൃദയാഭിവാദ്യങ്ങൾ












Click it and Unblock the Notifications