വിധി നിരാശാജനകം; നേര് തെളിയും വരെ, നീതി പുലരും വരെ നമുക്കീ പോരാട്ടത്തിന് ഒപ്പം നില്‍ക്കാം: കെകെ രമ
പാലക്കാട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിരാശജനകമാണെന്ന് വടകര എംഎല്‍എ കെകെ രമ.
ജനാധിപത്യ വാദികള്‍ക്കാകെ കടുത്ത നിരാശ പകരുന്ന വിധിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. വേട്ടക്കാരുടെ സ്വാധീന പരിധിയില്‍ ജീവിക്കുന്ന പരാതിക്കാരിയുടേയും അവര്‍ക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകളുടെയും ജീവനു ജീവിതത്തിനും സര്‍ക്കാര്‍ സുരക്ഷ ഉറപ്പു വരുത്തുക തന്നെ വേണമെന്ന് കെകെ രമ പറഞ്ഞു.

രമയുടെ വാക്കുകള്‍
വേട്ടക്കാരുടെ ധന ദുഃസ്വാധീനങ്ങളുടെ ഇരുട്ടില്‍ നിന്ന് നീതി വെളിച്ചം കാണും വരെ, വഴി എത്ര ദുസ്സഹമായാലും ഇരകള്‍ക്കൊപ്പം നമ്മളീ പോരാട്ടം തുടരുക തന്നെ ചെയ്യും., ജനാധിപത്യ വാദികള്‍ക്കാകെ കടുത്ത നിരാശ പകരുന്ന വിധിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടിരിക്കുന്നു.
പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും ഭാഗത്ത് നിന്ന് എന്തൊക്കെയാണ് സംഭവിച്ചത് എന്നും കോടതി വാദങ്ങളുടെ വിശദാംശങ്ങളും അറിയാനിരിക്കുന്നതേയുള്ളൂ. സദാചാര പൊതുബോധത്തിന്റെയും അധികാരദുഃസ്വാധീനത്തിന്റെയും വിലക്കുകളും അദൃശ്യ വിലങ്ങുകളും അതിജീവിച്ച് ഒരു കൂട്ടം സഹപ്രവര്‍ത്തകരായ സഹോദരിമാരുടെ മാത്രം പിന്തുണയുടെ ഊര്‍ജ്ജത്തില്‍ പൊരുതി നിന്ന സ്ത്രീ ഇക്കാലയളവില്‍ ഏറ്റു വാങ്ങേണ്ടിവന്ന വലിയ അപവാദ പ്രചരണങ്ങളും അപമാനങ്ങളുമുണ്ട് നമുക്ക് മുന്നില്‍.
മതാധികാര സംവിധാനങ്ങള്‍ ഏറെക്കുറെ ഫ്രാങ്കോയ്ക്ക് ഒപ്പം തന്നെയായിരുന്നു എന്നതൊരു നഗ്‌നയാഥാര്‍ത്ഥ്യമായിരുന്നു. സമൂഹത്തിലെ ഭൂരിപക്ഷത്തെയും നയിക്കുന്ന ആണധികാര പൊതുബോധവും അങ്ങനെത്തന്നെയായിരുന്നു. ഇത്രയും അധികാര കേന്ദ്രങ്ങളുടെയും അപ്രീതിയും അനിഷ്ടവും കടുത്ത ശത്രുതയും ക്ഷണിച്ചു വരുത്തി ഒരു സ്ത്രീ തനിച്ച് ഇങ്ങനൊരു കാര്യത്തില്‍ അസത്യം പറഞ്ഞുവെന്ന് വിശ്വസിക്കാന്‍ യാഥാര്‍ത്ഥ്യബോധവും സാമാന്യനീതിബോധവും മനുഷ്യപ്പറ്റുമുള്ള ആര്‍ക്കും കഴിയില്ല തന്നെ.
തീര്‍ച്ചയായും കീഴ്‌ക്കോടതിയില്‍ പലകാരണങ്ങളാല്‍ നിഷിദ്ധമാക്കപ്പെട്ട നീതിയുറപ്പിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുന്നതിന് ഈ കേസിലെ ഇരയ്ക്ക് ആത്മവിശ്വാസമേകി കൂടെ നില്‍ക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വല്ല പോരായ്മകളും പറ്റിയെങ്കില്‍ അത് നിശിത വിശകലനത്തിന് വിധേയമാക്കി തിരുത്തിക്കാനും ജനാധിപത്യ സമരമനസ്സുകള്‍ ഈ നീതിയുദ്ധത്തില്‍ ഒപ്പമുണ്ടായേ തീരൂ. ബഹുവിധ അധികാര സ്വാധീനശക്തികള്‍ക്കെതിരെ മിക്കവാറും ഒറ്റയ്ക്ക് തന്നെ പൊരുതിയ ആ സഹോദരിമാര്‍ക്ക് നീതി ലഭിക്കാനുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാരിന്റെ സഹായവും കൂടിയേ തീരൂ..
അതോടൊപ്പം വേട്ടക്കാരുടെ സ്വാധീന പരിധിയില്‍ ജീവിക്കുന്ന പരാതിക്കാരിയുടേയും അവര്‍ക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകളുടെയും ജീവനു ജീവിതത്തിനും സര്‍ക്കാര്‍ സുരക്ഷ ഉറപ്പു വരുത്തുക തന്നെ വേണം. തീര്‍ച്ചയായും ജനാധിപത്യത്തില്‍ നീതി അധികാര ദുഃസ്വാധീനങ്ങളുടെ തടവിലായിക്കൂടാ.. നേര് തെളിയും വരെ, നീതി പുലരും വരെ നമുക്കീ പോരാട്ടത്തിന് ഒപ്പം നില്‍ക്കാം- കെകെ രമ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് ഇന്ന് വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോ മുളക്കലിനെതിരെ കേസെടുത്തത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.












Click it and Unblock the Notifications