കാഫിര്‍ വിവാദം; ലതികയ്‌ക്കെതിരെ ശൈലജ, 'എന്തിനാണ് സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് എന്ന് ചോദിച്ചിരുന്നു'
കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ കെ ശൈലജ. വിവാദം സൃഷ്ടിച്ചതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഇത്തരം പ്രവൃത്തി ആര് ചെയ്തതാണെങ്കിലും അത് ഇടതുപക്ഷത്തിന് അനുകൂലമായിട്ടല്ല ചെയ്തത് എന്നും ശൈലജ വ്യക്തമാക്കി.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പങ്ക് വെച്ച കെകെ ലതികക്കെതിരേയും ശൈലജ രംഗത്തെത്തി. 'കെകെ ലതിക കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റാണ്. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചിരുന്നു. അപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടി,' ശൈലജ പറഞ്ഞു. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ അങ്ങേയറ്റം ദ്രോഹിക്കാനാണ് ഇത് ചെയ്തത്. ഇടതെന്ന് തോന്നിപ്പിക്കുന്ന ചില പേരുകളില്‍ ഇടതുപക്ഷത്തിനെതിരായ ഒട്ടേറെ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നു എന്നും ഇത് അതില്‍ പെട്ടതാണോയെന്ന് തനിക്ക് അറിയില്ല എന്നും ശൈലജ വ്യക്തമാക്കി. സ്ത്രീകളുടെ അടക്കം ഇടയില്‍ വളരെ അനുകൂലമായ സാഹചര്യം ഇടതുപക്ഷത്തിനുണ്ടെന്ന് മനസിലാക്കിയാണ് അത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ചത്.
അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കാഫിര്‍ എന്നും കെ കെ ശൈലജ പറഞ്ഞു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട് എന്നും ശൈലജ ചൂണ്ടിക്കാട്ടി. കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത് എന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡില്‍ വന്ന പ്രചരണവും അന്വേഷിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം കാഫിര്‍ പ്രചരണം സിപിഎമ്മിന്റെ ഭീകര പ്രവര്‍ത്തനമാണ് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിനും ശൈലജ മറുപടി പറഞ്ഞു. അങ്ങനെയെങ്കില്‍ കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍ ഹെഡ് ഇറക്കിയതും ഭീകര പ്രവര്‍ത്തനമാണ് എന്നായിരുന്നു കെകെ ശൈലജയുടെ പ്രതികരണം. അതേസമയം സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎമ്മുകാരാണെന്ന് വ്യക്തമായെന്നായിരുന്നു വടകര എംപി ഷാഫി പറമ്പില്‍ പറഞ്ഞത്.
സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച മുഴുവന്‍ ആളുകളും തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ് എന്നാണ് എല്ലാ കാലത്തേയും നിലപാട് എന്നും ഷാഫി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ടുകള്‍ ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്ന് പൊലീസ് ഹെക്കോടതിയെ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് കാഫിര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. റെഡ് എന്‍കൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സാപ് ഗ്രൂപ്പുകളില്‍ നിന്നാണ് ഇവ പ്രചരിപ്പിച്ചവര്‍ക്ക് ലഭിച്ചതെന്നും സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം ഇപ്പോഴും അന്വേഷിക്കുന്നു എന്നുമായിരുന്നു വടകര എസ്എച്ച്ഒ എന്‍ സുനില്‍ കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications