കെകെ ശൈലജ, മുകേഷ്, ഐസക്: ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രമുഖരെ രംഗത്ത് ഇറക്കാന്‍ സിപിഎം
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു കേരളത്തില്‍ എല്‍ ഡി എഫ് നേരിട്ടത്. ആകെയുള്ള 20 സീറ്റില്‍ ആകെ വിജയിക്കാനായത് ആലപ്പുഴയില്‍ മാത്രം. കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തരംഗമായിരുന്നു എല്‍ ഡി എഫിന് തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ പരാമവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായാണ് സി പി എം രംഗത്തുള്ളത്.
സീറ്റുകള്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി പി എം സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കുന്നത്. പ്രമുഖരെ തന്നെ രംഗത്ത് ഇറക്കാനാണ് തീരുമാനം. സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സി പി എം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സി പി എം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകള്‍ ഇപ്പോള്‍പുറത്ത് വരികയും ചെയ്തിട്ടുണ്ട്.

കാസർകോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച സതീശ് ചന്ദ്രന് പകരം എൻ വി ബാലകൃഷ്ണനെ രംഗത്ത് ഇറക്കാനാണ് തീരുമാനം. സതീഷ് ചന്ദ്രന്‍, വിപിപി മുസ്തഫ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും എന്‍ വി ബാലകൃഷ്ണന് നറുക്ക് വീഴുകയായിരുന്നു. കണ്ണൂരില്‍ നിലവിലെ പാർട്ടി ജില്ലാ സെക്രട്ടറിയായ എം വി ജയരാജനെ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. അദ്ദേഹം രാജിവെക്കുന്ന ജില്ലാ സെക്രട്ടറി ഒഴിവിലേക്ക് പി ജയരാജന്‍ തിരിച്ച് വന്നേക്കാം.
മട്ടന്നൂർ എം എല്‍ എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയെ ഇറക്കി വടകര തിരിച്ച് പിടിക്കാനാണ് സി പി എം ശ്രമം. കോഴിക്കോട്ട് മുതിർന്ന നേതാവും നിലവിലെ രാജ്യസഭാംഗവുമായ എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ഡി വൈ എഫ് ഐ നേതാവ് വസീഫിന്റെ പേരും ചർച്ചകളിലുണ്ടായിരുന്നു. പാലക്കാട്ട് എ വിജയരാഘവനായിരിക്കും സ്ഥാനാർത്ഥി. ആലത്തൂരില്‍ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്.
പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് മത്സരിക്കുമ്പോള്‍ ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് വീണ്ടും രംഗത്ത് ഇറങ്ങും. കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി. ജോയി വന്നേക്കും.
മലപ്പുറം, പൊന്നാനി, എറണാകുളം, ചാലക്കുടി സീറ്റുകളില്‍ ധാരണയായിട്ടില്ല. പൊന്നായില്‍ കെടി ജലീലിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെയാണ് തേടുന്നത്. ഇതിനായി കെവി തോമസിനെ ചുമതലെപ്പെടുത്തിയതായുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications