
അധികാരം അന്ധനാക്കിയ നേതാവ്: കെവി തോമസിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കള്‍
കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട കെവി തോമസിനെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. 'കോൺഗ്രസ് പാർട്ടിയിൽ നിന്നും ലഭിക്കാവുന്നതെല്ലാം കെ വി തോമസിന് ലഭിച്ചു എന്ന് അറിയാത്ത മാലോകരില്ല. തോമസ് മാഷ് ചെയ്ത കാര്യങ്ങൾ കോൺഗ്രസ് പാർട്ടി പ്രവർത്തകർ വേദനയോടെയാണ് കണ്ട് നിന്നത്.'- എന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്തുകൊണ്ടാണ് എ കെ ആന്റണിയെപ്പോലെ ഒരു മുതിർന്ന നേതാവ് അച്ചടക്കസമിതിയിൽ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് എന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാം. തലമുതിർന്ന നേതാവായ തോമസ് മാഷിനെപ്പോലുള്ളവരെ പാർട്ടിക്ക് വേണം എന്നുള്ളത് കൊണ്ട് തന്നെയാണ്. പക്ഷെ ആ പരിഗണന അദ്ദേഹം പാർട്ടിയുടെ ദുർബലതയായി കണ്ടു. തന്നെ എല്ലാമെല്ലാമാക്കിയ കോൺഗ്രസ് പ്രവർത്തകരെ വെല്ലുവിളിക്കാൻ തുടങ്ങി. ധീര രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ പോയി സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുത്തത് യൂത്ത് കോൺഗ്രസ് അന്നേ ക്ഷമിച്ചു. അദ്ദേഹത്തെ മോശമായി പറയാനോ, അദ്ദേഹത്തിനെതിരെ എന്തെങ്കിലും പ്രവർത്തനത്തിനോ ഞങ്ങൾ തയ്യാറായില്ലെന്നും എന്‍ എസ് നുസൂർ വ്യക്തമാക്കുന്നു.
ഇത് യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ബലഹീനതയായിരുന്നില്ല. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയല്ല . എന്നാൽ ഒരു കാലത്ത് ഡൽഹിയുടെ സുഖലോലുപതയിൽ ഉല്ലസിച്ചപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തിനിത് തോന്നിയില്ല എന്ന സന്ദേഹം മാത്രമേ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുള്ളൂ. എന്ത് കാര്യം പറഞ്ഞാലും "മുക്കുവക്കുടി"എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ എന്ത് ഉദ്ദേശത്തോടുകൂടിയാണെന്ന് കേരളീയർക്കറിയാം. താങ്കൾ എന്ത് മഹത്തായ കാര്യമാണ് ഈ പ്രസ്ഥാനം തന്ന അധികാര കസേരകളിലിരുന്ന് മുക്കുവക്കുടികൾക്ക് വേണ്ടി ചെയ്തത്.ഏതെങ്കിലും ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ അങ്ങയെ സ്നേഹപൂർവ്വം വെല്ലുവിളിക്കുകയാണ്.
അങ്ങേക്ക് കഷ്ട്ടപ്പെടുന്ന മുക്കുവന്മാരെ കാണണോ? എന്റെ നാട്ടിലെ വിഴിഞ്ഞം ഉൾപ്പടെയുള്ള തീരദേശമേഖലകൾ ഒന്ന് ചെന്ന് നോക്കു. അവർക്ക് കൊട്ടാരസമാനമായ ഭാവനങ്ങളില്ല. അവർ മുന്തിയ ഇനം ഭക്ഷണം കഴിക്കാറില്ല. അവർ അവരുടെ മക്കൾക്കായി കോടികൾ നീക്കിവച്ചിട്ടില്ല., കൊട്ടാരങ്ങൾ കെട്ടിപ്പൊക്കിയിട്ടില്ല, കള്ളപ്പണം സൂക്ഷിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്.ഈ മുക്കുവക്കുടികളിൽ നിന്നും ഒരിക്കലും യൂദാസുമാർ പിറക്കാറില്ല മാഷേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തോമസ് മാഷേ, അങ്ങയുടെ രാഷ്ട്രീയ ജീവിതത്തിൽ കേവലം മൂന്നു വർഷം മാത്രമാണ് പാർലമെന്ററി പദവിയിൽ അങ്ങയെ കോൺഗ്രസ്സ് പാർട്ടി അവരോധിക്കാതിരുന്നത്. ഇതിനാലാണ് അധികാരം അന്ധനാക്കിയ അങ്ങ് പുതിയ കൂടാരം തേടി അലഞ്ഞു കൊണ്ടിരിക്കുന്നതും.'- എന്നായിരുന്നു കെഎം അഭിജിത്തിന്റെ പ്രതികരണം.
തോമസ് മാഷേ, അങ്ങയുടെ രാഷ്ട്രീയ ജീവിതത്തിൽ കേവലം മൂന്നു വർഷം മാത്രമാണ് പാർലമെന്ററി പദവിയിൽ അങ്ങയെ കോൺഗ്രസ്സ് പാർട്ടി അവരോധിക്കാതിരുന്നത്. ഇതിനാലാണ് അധികാരം അന്ധനാക്കിയ അങ്ങ് പുതിയ കൂടാരം തേടി അലഞ്ഞു കൊണ്ടിരിക്കുന്നതെന്നും കെഎം അഭിജിത്ത് കൂട്ടിച്ചേർത്തു.